ഇന്ത്യയിലെ ആദ്യ ചേരി രഹിത നഗരമാകാനൊരുങ്ങി സൂററ്റ്; ആധുനിക അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍ ഉയരും

ഇന്ത്യയിലെ ആദ്യ ചേരി രഹിത നഗരമാകാനൊരുങ്ങി സൂററ്റ്; ആധുനിക അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍ ഉയരും

അഹമ്മദാബാദ്: ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഗുജറാത്തിലെ സൂററ്റ് നഗരം. ഇന്ത്യയുടെ 'ഡയമണ്ട് സിറ്റി' എന്നറിയപ്പെടുന്ന സൂററ്റ് രാജ്യത്തെ ആദ്യ ചേരി രഹിത നഗരമായി മാറാന്‍ ഒരുങ്ങുകയാണ്. നഗരത്തിലെ ചേരികള്‍ പൂര്‍ണമായും ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതികളും സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മാണ നയങ്ങളും കാര്യക്ഷമമായി നടപ്പിലാക്കിയാണ് ലക്ഷ്യം പൂര്‍ത്തിയാക്കുന്നത്.
സൂററ്റ് മുനിസിപ്പല്‍ കോര്‍പറേഷനാണ് ഈ വമ്പന്‍ ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ചേരികളില്‍ താമസിക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതമായ വീടുകള്‍ നല്‍കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി നിലവിലെ ചേരികള്‍ക്ക് പകരം ആധുനിക അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍ നിര്‍മിച്ച് നല്‍കും.

ചേരികളിലെ താമസക്കാരെ പുനരധിവസിപ്പിക്കുന്നതിനോടൊപ്പം ഇടത്തരം വരുമാനക്കാരെ ലക്ഷ്യമിട്ട് ആയിരക്കണക്കിന് താങ്ങാനാവുന്ന വിലയിലുള്ള ഫ്‌ളാറ്റുകളും നിര്‍മിക്കുന്നുണ്ട്. ഈ പുതിയ ഭവന സമുച്ചയങ്ങളില്‍ മികച്ച രീതിയിലുള്ള ഡ്രെയ്‌നേജ് സംവിധാനം, ശുദ്ധജല വിതരണം, തെരുവ് വിളക്കുകള്‍, മികച്ച റോഡുകള്‍ എന്നിവയെല്ലാം ഒരുക്കുന്നുണ്ട്.

ഈ ലക്ഷ്യം പൂര്‍ത്തിയായാല്‍ ലോകമെമ്പാടും നഗര വികസന രംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. നഗരങ്ങളിലെ ചേരികള്‍ ഇല്ലാതാക്കുന്നത് ഒരു വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു. ഇത് രാജ്യത്തിന്റെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും നഗരസഭ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.