ജറുസലേം: ആഗോളതലത്തിൽ ചർച്ചയാകുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ഇസ്രയേലിൽ ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്. ഇസ്രയേൽ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (CBS) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2025 അവസാനത്തോടെ രാജ്യത്തെ ക്രിസ്ത്യൻ പൗരന്മാരുടെ എണ്ണം 1,84,200 ആയി ഉയർന്നു. ഇത് മുൻവർഷത്തേക്കാൾ 0.7 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വെറും ജനസംഖ്യാ വർധനവ് മാത്രമല്ല വിദ്യാഭ്യാസ-സാമൂഹിക മേഖലകളിലും ക്രൈസ്തവ സമൂഹം വലിയ മുന്നേറ്റമാണ് നടത്തുന്നത്. 15 വയസ്സിന് മുകളിലുള്ള ക്രൈസ്തവ പൗരന്മാരിൽ 67.7 ശതമാനം പേരും തൊഴിൽ മേഖലയിൽ സജീവമാണ്. 2024/25 അധ്യയന വർഷത്തിൽ മാത്രം 26,240 ക്രൈസ്തവ വിദ്യാർത്ഥികളാണ് പൊതുവിദ്യാലയങ്ങളിൽ പഠനം നടത്തുന്നത്. 2024-ൽ മാത്രം 2,134 ക്രൈസ്തവ കുഞ്ഞുങ്ങൾ ഇസ്രയേലിൽ ജനിച്ചെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇസ്രയേലിലെ ആകെ ക്രൈസ്തവരിൽ 78.7 ശതമാനവും അറബ്-പാലസ്തീൻ വംശജരാണ്. ക്രൈസ്തവ സാന്നിധ്യം ഏറ്റവും കൂടുതലുള്ള നഗരങ്ങളിൽ നസ്രത്ത് (18,900) ആണ് ഒന്നാമത്. തൊട്ടുപിന്നാലെ ഹൈഫ (18,800), ജറുസലേം (13,400), നോഫ് ഹഗലിൽ (10,800) എന്നീ നഗരങ്ങളുമുണ്ട്.
പാലസ്തീൻ പ്രദേശങ്ങളിൽ നിന്നുള്ളവരോ ഇസ്രയേലിൽ ജോലി ചെയ്യുന്ന വിദേശികളോ ആയ ക്രൈസ്തവരെ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. പൗരത്വമുള്ള ക്രൈസ്തവരുടെ മാത്രം കണക്കാണിത്. സഭയെയും വിശ്വാസികളെയും സംബന്ധിച്ചിടത്തോളം വലിയ ആത്മവിശ്വാസം നൽകുന്നതാണ് വിശുദ്ധ നാട്ടിൽ നിന്നുള്ള ഈ പുതിയ കണക്കുകൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.