മഡൂറോയെയും ഭാര്യയെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു: ബ്രൂക്ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റും; ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങള്‍

മഡൂറോയെയും ഭാര്യയെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു: ബ്രൂക്ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റും; ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങള്‍

ഐക്യരാഷ്ട്രസഭയുടെ അടിയന്തര യോഗം നാളെ

വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയ ഫ്ളോറസിനെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. ഇരുവരേയും അമേരിക്കന്‍ ലഹരിവിരുദ്ധ സേന ചോദ്യം ചെയ്ത ശേഷം ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റും. മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലെത്തിച്ച ഇരുവരെയും സ്റ്റുവര്‍ട്ട് നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിക്കുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്തിരുന്നു.

ശക്തമായ വകുപ്പുകളാണ് മഡൂറോയ്ക്കെതിരെ അമേരിക്ക ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, യന്ത്ര തോക്കുകളും അപകടകരമായ ഉപകരണങ്ങളും കൈവശം വയ്ക്കല്‍, യു എസിനെതിരെ ഗൂഢാലോച തുടങ്ങിയ കുറ്റങ്ങാളാണ് മഡൂറോയ്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് സൂചന. നിലവില്‍ ബ്രൂക്ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് അദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം മഡൂറോയുടെ അഭാവത്തില്‍ രാജ്യം ആര് ഭരിക്കും എന്ന കാര്യത്തില്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. വെനസ്വേലയുടെ നിയന്ത്രണം താല്‍കാലികമായി അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചു. മഡൂറോയുടെ വിശ്വസ്തയും വൈസ് പ്രസിഡന്റുമായ ഡെല്‍സി റോഡ്രിഗസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ട്രംപ് താല്‍പര്യം പ്രകടിപ്പിച്ചത് എന്നാണ് വിവരം. റോഡ്രിഗസ് പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതായി ട്രംപ് അവകാശപ്പെട്ടെങ്കിലും സ്റ്റേറ്റ് ടെലിവിഷന്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.

എന്നാല്‍ രാജ്യത്തിന്റെ ഏക പ്രസിഡന്റ് നിക്കോളാസ് മഡൂറോ മാത്രമാണെന്ന് ഡെല്‍സി റോഡ്രിഗസ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ നടപടി ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളുടെ ലംഘനമാണെന്നും അവര്‍ ആരോപിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വെനസ്വേലന്‍ ഭരണഘടന അനുസരിച്ച് പ്രസിഡന്റിന്റെ അഭാവത്തില്‍ ഒരു മാസത്തിനുള്ളില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണം. എന്നാല്‍ നിലവിലെ അസാധാരണമായ സാഹചര്യത്തില്‍ ഇത് എത്രത്തോളം പ്രായോഗികമാണെന്ന് വ്യക്തമല്ല.

അതേസമയം ട്രംപിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് രംഗത്തെത്തി. വെനസ്വേലയിലെ നടപടി ബുദ്ധി ശൂന്യമെന്നായിരുന്നു കമല ഹാരിസ് അഭിപ്രായപ്പെട്ടത്. അമേരിക്കന്‍ ജനത ഇത് ആഗ്രഹിക്കുന്നില്ല. സൈനികരെ പ്രസിഡന്റ് അപകടത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും കമല ആഞ്ഞടിച്ചു. വിഷയത്തില്‍ യു.എന്‍ ഇടപെട്ടിട്ടുണ്ട്. വെനസ്വേലയിലെ സാഹചര്യം പരിശോധിക്കാന്‍ ഐക്യരാഷ്ട്രസഭ നാളെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

മയക്കുമരുന്നുകള്‍ കടത്തുന്നുണ്ടെന്ന് ആരോപിച്ച് ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടിനാണ് യു.എസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്സ് മഡൂറോയെയും ഭാര്യയെയും കിടപ്പുമുറിയില്‍ അതിക്രമിച്ച് കടന്ന് ബന്ദിയാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയായിരുന്നു മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കിയ വിവരം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. ഇതിന് ശേഷം വെനസ്വേല യു.എസ് ഭരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.