നൈജീരിയയിൽ ബോട്ട് മറിഞ്ഞ് 25 മരണം; 14 പേരെ കാണാതായി

നൈജീരിയയിൽ ബോട്ട് മറിഞ്ഞ് 25 മരണം; 14 പേരെ കാണാതായി

അബൂജ: വടക്കുകിഴക്കൻ നൈജീരിയയിലെ യോബെ സംസ്ഥാനത്ത് യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 25 മരണം. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന 52 യാത്രക്കാരിൽ 13 പേരെ രക്ഷപ്പെടുത്തി. കാണാതായ 14 പേർക്കായി സുരക്ഷാ ഏജൻസികളും പ്രാദേശിക സന്നദ്ധ പ്രവർത്തകരും തിരച്ചിൽ തുടരുകയാണെന്ന് യോബെ സ്റ്റേറ്റ് എമർജൻസി മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു.

ജിഗാവ സംസ്ഥാനത്തെ അടിയാനി ഗ്രാമത്തിൽ നിന്ന് യോബെയിലെ ഗാർബിയിലേക്ക് വ്യാപാര ആവശ്യങ്ങൾക്കായി പോയവരാണ് അപകടത്തിൽപ്പെട്ടത്. വലിയ കനോ വിഭാഗത്തിൽപ്പെട്ട ബോട്ടിലുണ്ടായ ചോർച്ചയാണ് പെട്ടെന്നുള്ള അപകടത്തിന് കാരണമായതെന്ന് ജിഗാവ പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ നിശ്ചിത പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റിയതും രാത്രിയാത്ര നിരോധിച്ച സുരക്ഷാ നിയമങ്ങൾ ലംഘിച്ചതുമാണ് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചതെന്ന് പോലീസ് വക്താവ് ലാവൻ ആദം പറഞ്ഞു.

നൈജീരിയയിൽ സുരക്ഷാ സംവിധാനങ്ങളില്ലാത്ത ബോട്ട് സർവീസുകൾ പതിവായത് വലിയ ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ നൈജർ സംസ്ഥാനത്ത് മരക്കുറ്റിയിൽ ഇടിച്ച് ബോട്ട് മുങ്ങി 60 പേർ മരിച്ചിരുന്നു. കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതും ലൈഫ് ജാക്കറ്റുകളുടെ അഭാവവും ഇത്തരം അപകടങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.