കീവ് : ഉക്രെയ്നിൽ റഷ്യയുടെ കനത്ത ബോംബ് ആക്രമണം. യൂറോപ്പിൽ നിന്നും മറ്റ് സഖ്യകക്ഷികളിൽ നിന്നുമുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ശനിയാഴ്ച ഉക്രെയ്നിൽ നടത്തിയ സന്ദർശനത്തിന് ശേഷമാണ് ഏറ്റവും പുതിയ ആക്രമണങ്ങൾ ഉണ്ടായത്. ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് നേതൃത്വത്തിലുള്ള നയതന്ത്ര ശ്രമം വേഗത്തിലാക്കുന്നതിനിടെയാണ് പുതിയ ആക്രമണങ്ങൾ നടക്കുന്നത്.
ഇന്ന് പുലർച്ചെ തലസ്ഥാന നഗരമായ കീവിലും, രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിലും റഷ്യ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോർട്ട്. കീവിലെ വ്യോമാക്രമണം മേയർ വിറ്റാലി ക്ലിറ്റ്‌ഷ്‌കോ സ്ഥിരീകരിച്ചു. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്കും ഷെൽട്ടറുകളിലേക്കും മാറാൻ പ്രാദേശിക ഭരണകൂടം കർശന നിർദേശം നൽകിയിട്ടുണ്ട്. ഖാർകിവിൽ ഒരു റെഡ് അലർട്ടും നൽകിയിട്ടുണ്ട്.
നഗരത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായും പ്രതിരോധ സംവിധാനങ്ങൾ ഇവയെ നേരിടുന്നതായും റിപ്പോർട്ടുകളുണ്ട്. പൊട്ടിത്തെറികളെ തുടർന്ന് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
ഖാർകിവിൽ ജനവാസ മേഖലകളെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്. യുദ്ധം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഉക്രെയ്നിലെ നിലവിലുള്ള നിലയങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് റഷ്യൻ ആക്രമണങ്ങൾ അധികവും നടക്കുന്നത്. വരും മണിക്കൂറുകളിലും ആക്രമണങ്ങൾ തുടരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കാൻ നിർദേശം നൽകി.
വെള്ളിയാഴ്ച ഖാർകിവിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ അഞ്ച് പേരും റഷ്യൻ അതിർത്തി പ്രദേശങ്ങളിൽ ഉക്രേനിയൻ ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് പേരും കൊല്ലപ്പെട്ടതായി പ്രാദേശിക ഉദ്യോഗസ്ഥർ ഞായറാഴ്ച അറിയിച്ചിരുന്നു. റഷ്യയ്ക്കുള്ളിലെ ആഴത്തിലുള്ള ലക്ഷ്യങ്ങൾ ആക്രമിക്കാൻ കീവ് ദീർഘദൂര ഡ്രോണുകളെ കൂടുതലായി ആശ്രയിക്കുന്നുണ്ടെന്ന് റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിനോട് ഉക്രെയ്ൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.