'കോസ്മിക് അധിനിവേശക്കാരന്‍'; ഭൂമിയിലേക്ക് പതിക്കുന്ന ഗ്രഹാന്തര പൊടിപടലങ്ങളെ കണ്ടെത്തി ഐഎസ്ആര്‍ഒ: സുപ്രധാന നേട്ടം

'കോസ്മിക് അധിനിവേശക്കാരന്‍'; ഭൂമിയിലേക്ക് പതിക്കുന്ന ഗ്രഹാന്തര പൊടിപടലങ്ങളെ കണ്ടെത്തി ഐഎസ്ആര്‍ഒ: സുപ്രധാന നേട്ടം

ബംഗളൂരു: ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തുന്ന അപകടകരമായ ഗ്രഹാന്തര പൊടിപടലങ്ങളെ കണ്ടെത്തി ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒയുടെ ആദ്യത്തെ തദ്ദേശീയ പൊടിപടല ഡിറ്റക്ടറാണ് ഗ്രഹാന്തര പൊടി കണികകളെ കണ്ടെത്തിയത്. ഇത് ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ സുപ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നു.

2024 ജനുവരിയില്‍ വിക്ഷേപിച്ച പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സ്പെരിമെന്റ് മൊഡ്യൂളിന്റെ ഭാഗമായ 'ഡെക്സ്' (ഡസ്റ്റ് എക്‌സിപെരിമെന്റ്) ആണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. ഭൂമിയില്‍ 'ഓരോ ആയിരം സെക്കന്‍ഡിലും പതിക്കുന്ന ഒരു കോസ്മിക് അധിനിവേശക്കാരന്‍' എന്നാണ് ഈ കണങ്ങളെ ഐഎസ്ആര്‍ഒ വിശേഷിപ്പിക്കുന്നത്.

ചൊവ്വ, ശുക്രന്‍ തുടങ്ങിയ മറ്റ് ഗ്രഹങ്ങളുടെയിടയിലുള്ള സൂക്ഷ്മ പൊടിപടലങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഓരോ ആയിരം സെക്കന്‍ഡിലും കുതിച്ചെത്തുന്നതായാണ് കണ്ടെത്തല്‍. ധൂമകേതുക്കളില്‍ നിന്നും ഛിന്നഗ്രഹങ്ങളില്‍ നിന്നുമുള്ള സൂക്ഷ്മമായ പൊടിപടലങ്ങളാണിവയെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു. അവ ഭൂമിയുടെ അന്തരീക്ഷത്തില്‍ നിഗൂഢമായ ഉല്‍ക്കപ്പാളിയായി രൂപപ്പെടുന്നു. ഇവ രാത്രിയില്‍ നക്ഷത്രങ്ങളെപ്പോലെ മിന്നി തിളങ്ങും.

ഈ പൊടിപടലങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തെ എത്രമാത്രം ബാധിക്കുമെന്നതില്‍ വിശദമായ പഠനങ്ങള്‍ പുരോഗമിക്കുകയാണ്. ബഹിരാകാശ ദൗത്യങ്ങളെ ഇവ സ്വാധീനിക്കുമെന്ന് ഉറപ്പാണെന്ന് ഗവേഷകര്‍ പറയുന്നു. ഭാവി ദൗത്യങ്ങള്‍ രൂപകല്‍പന ചെയ്യുമ്പോള്‍ ഇവയുടെ സാന്നിധ്യം കൂടി പരിഗണിക്കും.

ഉപകരണങ്ങളുടെ സുരക്ഷ സംബന്ധിച്ചും ഈ വിവരങ്ങള്‍ ഏറെ പ്രധാനപെട്ടതാണ്. അഹമ്മദാബാദിലെ ഐഎസ്ആര്‍ഒയുടെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി രൂപകല്‍പന ചെയ്ത ഉപകരണമാണ് 'ഡെക്സ്'. വെറും നാലര വാട്സ് വൈദ്യുതി ഉപയോഗിച്ച് ഇത് പ്രവര്‍ത്തിപ്പിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.