തിരുവനന്തപുരം: വനാതിര്‍ത്തികളിലെ കാട്ടാന സാന്നിധ്യം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കുന്ന അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിരീക്ഷണ സംവിധാനവുമായി സംസ്ഥാന വനം വകുപ്പ്. വനാതിര്‍ത്തികളിലും മനുഷ്യവാസ മേഖലകളോട് ചേര്‍ന്ന പ്രദേശങ്ങളിലും അപകട സാധ്യത മുന്‍കൂട്ടി തിരിച്ചറിഞ്ഞ് സമയബന്ധിത ഇടപെടല്‍ സാധ്യമാക്കുകയാണ് ലക്ഷ്യം.
മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ടാറ്റാ മോട്ടോര്‍സ് ഗ്രൂപ്പും ടാറ്റ കമ്മ്യൂണിക്കേഷന്‍സും ചേര്‍ന്ന് അഞ്ച് കോടി രൂപ ചെലവഴിച്ച് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് തീരുമാനം. ഇതിനായുള്ള ധാരണാപത്രം ഇരുകൂട്ടരും ഒപ്പുവച്ചു. സര്‍ക്കാരിന്റെ 'മിഷന്‍ റിയല്‍ ടൈം മോണിറ്ററിങ്' എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പൈലറ്റ് പ്രോജക്റ്റ്. മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇല്ലാത്ത ഉള്‍ക്കാടുകളിലും വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്ന ലോറവാന്‍ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ദീര്‍ഘദൂര കണക്റ്റിവിറ്റി സാധ്യമാക്കുന്ന ഈ സംവിധാനം കവറേജ് പ്രശ്‌നങ്ങള്‍ മറികടന്ന് കൃത്യമായ തത്സമയ മുന്നറിയിപ്പുകള്‍ ഉറപ്പാക്കും.
പദ്ധതിയുടെ ഭാഗമായി വനാതിര്‍ത്തികളില്‍ അത്യാധുനിക എഐ ക്യാമറകള്‍ സ്ഥാപിക്കും. ഇവ തത്സമയം ദൃശ്യങ്ങള്‍ വിശകലനം ചെയ്ത് കാട്ടാനകളുടെ സാന്നിധ്യമോ ചലനമോ കണ്ടെത്തുന്ന നിമിഷം തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പ്രാദേശിക റെസ്‌പോണ്‍സ് ടീമുകള്‍ക്കും മൊബൈല്‍ സന്ദേശങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കും. ഇതോടെ ആന ഇറങ്ങുന്ന വിവരം നേരത്തേ അറിഞ്ഞ് ജനങ്ങളെ ജാഗ്രതപ്പെടുത്താനും അപകടങ്ങള്‍ ഒഴിവാക്കാനും സാധിക്കും.
എളുപ്പത്തില്‍ അഴിച്ചുമാറ്റി മറ്റ് സ്ഥലങ്ങളില്‍ പുനസ്ഥാപിക്കാവുന്ന പ്രത്യേക തൂണുകളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. സംഘര്‍ഷ സാധ്യത മാറുന്നതിന് അനുസരിച്ച് സംവിധാനം പുതിയ ഇടങ്ങളിലേക്ക് മാറ്റാം. പൈലറ്റ് പദ്ധതി വിജയകരമായാല്‍ ഓരോ ഡിവിഷനിലും കുറഞ്ഞത് 20 യൂണിറ്റുകള്‍ വീതം സ്ഥാപിച്ച് പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കും. തുടക്കത്തില്‍ കാട്ടാനകളുടെ നിരീക്ഷണത്തിനായാണ് സംവിധാനം ഉപയോഗിക്കുന്നത്. പിന്നീട് കടുവ, പുലി തുടങ്ങിയ മറ്റ് സംഘര്‍ഷ സാധ്യതയുള്ള വന്യ മൃഗങ്ങളെയും കണ്ടെത്താന്‍ പദ്ധതി വികസിപ്പിക്കും.
തിരുവനന്തപുരത്തെ വനം വകുപ്പ് ആസ്ഥാനത്ത് വനം മേധാവി രാജേഷ് രവീന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കേരള വനം വകുപ്പിന് വേണ്ടി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പ്രമോദ് ജി. കൃഷ്ണന്‍, ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സിന് വേണ്ടി ജനറല്‍ മാനേജറും ഹെഡ് ബയോഡൈവേഴ്‌സിറ്റിയുമായ ഡോ. നവീന്‍ പാണ്ഡേ, ടാറ്റ കമ്മ്യൂണിക്കേഷന്‍സിന് വേണ്ടി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സിദ്ധാര്‍ത്ഥ് ചിബ് എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
വന്യജീവി സംഘര്‍ഷ ലഘൂകരണത്തില്‍ ഈ സാങ്കേതിക പദ്ധതി ഒരു നിര്‍ണായക നാഴികക്കല്ലായിരിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.