കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരാഴ്ചയ്ക്കിടെ അഞ്ച് പേര്‍ക്ക് നിപ രോഗം സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ ആരോഗ്യ പ്രവര്‍ത്തകരായ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യം നിപ സ്ഥിരീകരിച്ച രണ്ട് നഴ്‌സുമാര്‍ക്ക് പുറമേയാണ് മൂന്ന് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തത്.
ഒരു ഡോക്ടര്‍, നഴ്‌സ്, മറ്റൊരു ആരോഗ്യ പ്രവര്‍ത്തക എന്നിവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആദ്യം രോഗം സ്ഥിരീകരിച്ച രണ്ട് നഴ്‌സുമാരും നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തവരാണ്. അഞ്ച് പേരും നിലവില്‍ ബലെഘട്ടയിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കൂടാതെ രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്ന നൂറോളം പേര്‍ ക്വാറന്റീനിലുമാണ്. ആദ്യം രോഗം സ്ഥിരീകരിച്ച രണ്ട് നഴ്‌സുമാരില്‍ ഒരാളുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നുണ്ടെന്നും മറ്റൊരാളുടെ നില ഗുരുതരമായി തന്നെ തുടരുകയാണെന്നും പശ്ചിമ ബംഗാള്‍ ആരോഗ്യ വകുപ്പില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.
സംസ്ഥാന ആരോഗ്യ വകുപ്പും കേന്ദ്ര ആരോഗ്യ വകുപ്പും കടുത്ത നിയന്ത്രണങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കി. രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി രോഗ സാധ്യതയുള്ളവരെ തിരിച്ചറിയാനുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട്.
1998ല്‍ മലേഷ്യയിലാണ് ആദ്യമായി നിപ വൈറസ് സ്ഥിരീകരിക്കുന്നത്. അവിടെ നിന്ന് സിംഗപ്പൂരിലേക്കും പിന്നാലെ ഇന്ത്യയിലേക്കും രോഗ വ്യാപിക്കുകയായിരുന്നു. 2001 ലാണ് രാജ്യത്ത് ആദ്യമായി വെസ്റ്റ് ബംഗാളിലെ സിലിഗുരിയില്‍ നിപ വൈറസ് സ്ഥിരീകരിക്കുന്നത്. അന്ന് അറുപത്തിയാറ് നിപ കേസുകളും 45 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.