ഡാലസ് : അമേരിക്കയിലെ ഡാലസ് സെന്റ് തോമസ് സീറോ മലബാർ ഇടവകയിൽ ഈ വർഷത്തെ പിണ്ടി കുത്തി പെരുന്നാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. തിങ്കളാഴ്ച വൈകുന്നേരം നടന്ന ആഘോഷമായ റംശ പ്രാർത്ഥനയോടെയാണ് തിരുനാൾ കർമ്മങ്ങൾക്ക് തുടക്കമായത്.

തുടർന്ന് ഇടവകാംഗങ്ങൾ പ്രദിക്ഷണമായി മോണ്ടളത്തിൽ എത്തി സജ്ജീകരിച്ചിരുന്ന പിണ്ടിയിൽ വിളക്കുകൾ തെളിയിച്ചു. ഓരോ കുടുംബത്തിലെയും അംഗങ്ങൾ ഒരുമിച്ച് ചേർന്ന് വിളക്ക് കൊളുത്തിയത് വിശ്വാസികൾക്ക് വേറിട്ടൊരു അനുഭവമായി. കുട്ടികൾ കമ്പിത്തിരികൾ കത്തിച്ച് ചടങ്ങിൽ പങ്കുചേർന്നു. ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത് ഫാ. ക്രിസ്റ്റിൻ പുതിയകുന്നേലായിരുന്നു.
സീറോ മലബാർ സഭയുടെ തനതായ പാരമ്പര്യങ്ങളിൽ ഒന്നാണ് പിണ്ടി കുത്തി പെരുന്നാൾ. ദീപങ്ങളുടെയും അതു പരത്തുന്ന പ്രകാശത്തിന്റെയും തിരുനാളായാണു പിണ്ടികുത്തി തിരുനാള്‍ പൊതുവില്‍ അറിയപ്പെടുന്നത്. ലോകത്തിന്റെ പ്രകാശമായ മിശിഹായെ ബഹുമാനിക്കുന്നതിനും സ്തുതിക്കുന്നതിനും പിണ്ടിയിൽ ദീപം കൊളുത്തി അതിനു ചുറ്റും പ്രദക്ഷിണം വെച്ചുകൊണ്ട് ദൈവം പ്രകാശമാകുന്നു (ഏൽ പയ്യ) എന്ന് ആർത്തു വിളിച്ചിരുന്ന പതിവിൽ നിന്നാണ് ‘പിണ്ടി കുത്തി പെരുന്നാൾ’ ഉണ്ടായത്.
വളർന്നുവരുന്ന തലമുറയ്ക്കും കുട്ടികൾക്കും നമ്മുടെ സുറിയാനി പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കിക്കൊടുക്കാൻ ഇത്തരം ആഘോഷങ്ങൾ ഉപകരിക്കുമെന്ന് ഡാലസ് ഇടവക അധികൃതർ അറിയിച്ചു.
ഇന്ത്യയ്ക്ക് വെളിയിലുള്ള ആദ്യത്തെ സീറോ മലബാർ ഇടവകയാണ് ഡാലസിലെ സെന്റ് തോമസ് പള്ളി. പൗരസ്ത്യ ആരാധനാക്രമത്തിന്റെ തനിമയാർന്ന രൂപത്തിൽ പണികഴിപ്പിക്കപ്പെട്ടിട്ടുള്ള ഈ ദേവാലയം സീറോ മലബാർ സഭയ്ക്ക് എന്നും അഭിമാനമായി നിലകൊള്ളുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.