ശബരിമല സ്വർണക്കൊള്ള: കൊടിമരം മാറ്റിയതിലും അന്വേഷണം; രണ്ട് പതിറ്റാണ്ടിലെ ഇടപാടുകൾ പരിശോധിക്കാൻ ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള: കൊടിമരം മാറ്റിയതിലും അന്വേഷണം; രണ്ട് പതിറ്റാണ്ടിലെ ഇടപാടുകൾ പരിശോധിക്കാൻ ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. 2017 ൽ കൊടിമരം മാറ്റി സ്ഥാപിച്ചതടക്കം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി നടന്ന ഇടപാടുകൾ സമഗ്രമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്വർണക്കൊള്ള ഒറ്റപ്പെട്ട സംഭവമല്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

1998 ലെയും 2019 ലെയും ഇടപാടുകൾ ഉൾപ്പെടെ, കഴിഞ്ഞ 20 വർഷത്തിലധികമായി നടന്ന ഭരണസമിതി തീരുമാനങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനാണ് നിർദ്ദേശം. 2017 ൽ കൊടിമരം മാറ്റിയതുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും വിശദമായി പരിശോധിക്കും.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം നാളെ സന്നിധാനത്തെത്തും. ശ്രീകോവിലിലെയും സ്റ്റോർ റൂമിലെയും വാതിൽപ്പാളികൾ സംഘം പരിശോധിക്കും. ഏഴ് പാളികളുടെയും സാമ്പിൾ ശേഖരിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. പരിശോധനയിൽ എസ്ഐടിയെ സഹായിക്കാൻ കൊച്ചിയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും ഒപ്പമുണ്ടാകും.

കേസിൽ നിലവിൽ ആകെ 16 പ്രതികളാണുള്ളത്. ഇതിൽ 11 പേർ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. അന്വേഷണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് ഡിവൈഎസ്പിമാരെയും ഒരു സിഐയെയും കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം പുനസംഘടിപ്പിച്ചു. ഫെബ്രുവരി ഒമ്പതിനകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.