കൊല്‍ക്കത്ത: പശ്ചിമ ബംഗാളിനും അസമിനും ഇടയിലുള്ള വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ മെനുവില്‍ നിന്ന് നോണ്‍-വെജിറ്റേറിയന്‍ ഒഴിവാക്കിയതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ബിജെപിയെയും വിമര്‍ശിച്ച ടിഎംസി ഇത് ബംഗാളി സ്വത്വത്തിനെതിരായ ആക്രമണമാണെന്നും വ്യക്തമാക്കി.
''ആദ്യം അവര്‍ ഞങ്ങളുടെ വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, ഇപ്പോള്‍ ഞങ്ങളുടെ പ്ലേറ്റുകളിലും'' ടിഎംസി എക്‌സില്‍ കുറിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബംഗാളിന് പുതിയ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ നല്‍കുന്നതിനെക്കുറിച്ച് വീമ്പിളക്കുന്ന തിരക്കിലായിരുന്നു പ്രധാനമന്ത്രി. എന്നാല്‍ ബംഗാളില്‍ നിന്ന് അസമിലേക്ക് ഓടുന്ന വന്ദേ ഭാരത് ട്രെയിനില്‍ മത്സ്യവും മാംസവും മെനുവില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് അദേഹം പരാമര്‍ശിച്ചില്ലെന്ന് പോസ്റ്റില്‍ മോഡിയെ പരിഹസിച്ചുകൊണ്ട് കുറിച്ചു.
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ മെനുവില്‍ ബസന്തി പുലാവ്, ചോലെ ദാല്‍, മൂങ് ദാല്‍, ചന, ധോക്കര്‍ സബ്‌സി തുടങ്ങിയ ബംഗാളി വിഭവങ്ങളുണ്ട്. ആസാമീസ് വിഭവങ്ങളില്‍ ജോഹ റൈസ്, മസൂര്‍ ദാല്‍, സീസണല്‍ വെജിറ്റബിള്‍ കറി എന്നിവ ഉള്‍പ്പെടുന്നു. സന്ദേശ്, രസഗുള തുടങ്ങിയ പരമ്പരാഗത മധുര പലഹാരങ്ങളും ലഭ്യമാണ്.
എന്നിരുന്നാലും മാംസാഹാര ഓപ്ഷനുകളുടെ അഭാവം നിരവധി യാത്രക്കാരെ, പ്രത്യേകിച്ച് മത്സ്യവും മാംസവും സാധാരണയായി കാണപ്പെടുന്ന ബംഗാളില്‍ നിന്നും അസമില്‍ നിന്നുമുള്ളവരെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
അതേസമയം കാമാഖ്യ ക്ഷേത്രത്തെയും കാളി ക്ഷേത്രത്തെയും ട്രെയിന്‍ ബന്ധിപ്പിക്കുന്നതിനാല്‍ മാംസാഹാരം ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് തങ്ങള്‍ തീരുമാനിച്ചു എന്നായിരുന്നു റെയില്‍വെയുടെ പ്രതികരണം. തങ്ങള്‍ നല്‍കിയ മെനുവില്‍ ആരോഗ്യകരവും ശുചിത്വമുള്ളതും ശുദ്ധവുമായ സസ്യാഹാരം ഉള്‍പ്പെടുന്നുവെന്നും റെയില്‍വെ അധികൃതര്‍ പറഞ്ഞു.
ജനുവരി 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ളാഗ് ഓഫ് ചെയ്ത കാമാഖ്യ-ഹൗറ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് വ്യാഴാഴ്ചയാണ് ഔദ്യോഗികമായി യാത്ര ആരംഭിച്ചത്. ഗുവാഹത്തി (കാമാഖ്യ)- ഹൗറ റൂട്ടിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.