കാല് ഇല്ലെങ്കില്‍ എന്താ, കാര്യം നടന്നാല്‍ പോരെ! ഭിന്നശേഷി സംവരണത്തില്‍ എംബിബിഎസ് പ്രവേശനം ലഭിക്കാന്‍ കാല്‍പാദം മുറിച്ച് മാറ്റി യുവാവ്

കാല് ഇല്ലെങ്കില്‍ എന്താ, കാര്യം നടന്നാല്‍ പോരെ! ഭിന്നശേഷി സംവരണത്തില്‍ എംബിബിഎസ് പ്രവേശനം ലഭിക്കാന്‍ കാല്‍പാദം മുറിച്ച് മാറ്റി യുവാവ്

ലക്‌നൗ: മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ കോപ്പിയടിക്കുന്നവരുണ്ട്. എന്നാല്‍ എംബിബിഎസ് പ്രവേശനം ലഭിക്കാന്‍ സ്വന്തം കാല് തന്നെ മുറിച്ച് മാറ്റി വ്യത്യസ്തനായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ജോന്‍പുര്‍ സ്വദേശി സുരാജ് ഭാസ്‌കര്‍. രണ്ട് തവണ പ്രവേശന പരീക്ഷ (നീറ്റ്) എഴുതിയിട്ടും എംബിബിഎസ് സീറ്റ് ലഭിക്കാത്തതിനാലാണ് യുവാവ് ഇത്തരമൊരു വളഞ്ഞവഴി സ്വീകരിച്ചത്.

കാല്‍പാദം മുറിച്ച ശേഷം ഭിന്നശേഷി സംവരണത്തില്‍ പ്രവേശനം നേടാനായിരുന്നു ശ്രമം. എന്നാല്‍ ആസൂത്രണം ചെയ്തത് പോലെ കാര്യങ്ങള്‍ ചെയ്‌തെങ്കിലും അധികം താമസിയാതെ പിടിക്കപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രി അജ്ഞാതര്‍ വീട്ടില്‍ കയറി ആക്രമിച്ച് കാല്‍ വെട്ടിയെന്നും സുരാജ് ബോധരിഹതനായതോടെ അവര്‍ രക്ഷപെട്ടെന്നുമായിരുന്നു സഹോദരന്‍ ആകാശ് പൊലീസിനെ അറിയിച്ചത്. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണത്തിനിടെ സുരാജിന്റെ മൊഴിയിലും ഫോണ്‍ പരിശോധനയിലും പൊരുത്തക്കേടുകള്‍ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് 'ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്' സംഘടിപ്പിച്ച് മെഡിക്കല്‍ പ്രവേശനം നേടുകയായിരുന്നു ലക്ഷ്യ്യമെന്ന് മനസിലായത്.

സുരാജിന്റെ ഡയറിയില്‍ 'ഞാന്‍ 2026 ല്‍ എംബിബിഎസ് ഡോക്ടറാകും' എന്ന് എഴുതിയതും പൊലീസ് കണ്ടെത്തി. പലതവണ ശ്രമിച്ചിട്ടും ലക്ഷ്യം നേടാനാവാതെ വന്നതിന്റെ മനോവിഷമത്തിലാണ് യുവാവ് ഇത്തരമൊരു വളഞ്ഞവഴി സ്വീകരിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

തട്ടിപ്പിലൂടെ പ്രവേശനം നേടാന്‍ ശ്രമിക്കുകയും കെട്ടിച്ചമച്ച കഥയിലൂടെ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെതിരെ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ ഏത് വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് അറിയാന്‍ നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്. അതേസമയം യുവാവ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.