പത്മാപുരസ്‌കാരം ബിജെപിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; സംസ്ഥാനം നല്‍കിയ പട്ടികയില്‍ വി.എസും വെള്ളാപ്പള്ളിയുമില്ല

പത്മാപുരസ്‌കാരം ബിജെപിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; സംസ്ഥാനം നല്‍കിയ പട്ടികയില്‍ വി.എസും വെള്ളാപ്പള്ളിയുമില്ല

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ബിജെപിക്ക് ചുവട് ഉറപ്പിക്കാനുള്ള സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാനുതകുന്ന വിധമാണ് സംസ്ഥാനത്തിന് ലഭിച്ച പത്മാ പുരസ്‌കാരങ്ങളെന്ന് വിലയിരുത്തല്‍. ബിജെപിയോട് യാതൊരുവിട്ടുവീഴ്ചയ്ക്കും ഒരുകാലത്തും തയ്യാറാകാത്ത കമ്യൂണിസ്റ്റ് നേതാവായ വി.എസ് അച്യുതാനന്ദനെയാണ് മരണാനന്തരബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചത്.

കൂടാതെ മൂന്നാംവട്ടം പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തണമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയിലൂടെ വിവാദത്തില്‍ ഇടംപിടിക്കുകയും ചെയ്ത വെള്ളാപ്പള്ളി നടേശന് പത്മഭൂഷനും ലഭിച്ചു. ഇത് രണ്ടും സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. മമ്മൂട്ടിയുടെയും കലാമണ്ഡലം വിമലാ മേനോന്റെയും പേര് സംസ്ഥാനത്തിന്റെ ശുപാര്‍ശ പട്ടികയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ തവണയും മമ്മൂട്ടിയെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിരുന്നു.

കേന്ദ്രത്തിന്റെ ശത്രുതാമനോഭാവം പ്രചാരണായുധമാക്കുന്ന സിപിഎമ്മിന് നല്‍കുന്ന സര്‍ജിക്കല്‍ സ്ട്രൈക്കാവും പദ്മപുരസ്‌കാരമെന്ന സൂചന ചില സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നല്‍കിയിരുന്നു. കേരളത്തില്‍ ജനപിന്തുണയുടെ കാര്യത്തില്‍ സമാനതകളില്ലാത്ത കമ്യൂണിസ്റ്റ് മുഖമായിരുന്നു വി.എസ് അച്യുതാനന്ദന്‍. അദേഹത്തിനെ ആദരിക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാകുന്നതിന് പിന്നിലുള്ള രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.

കൂടാതെ വെള്ളാപ്പള്ളിയുടെ അംഗീകാരത്തിനും രാഷ്ട്രീയ പ്രാധാന്യം കൂടും. എന്‍ഡിഎ മുന്നണിയില്‍ നില്‍ക്കണോ പോകണോ എന്ന ആഭ്യന്തര ചര്‍ച്ചയില്‍ മുറുകിനില്‍ക്കുകയാണ് വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബിഡിജെഎസ് ആ നീക്കത്തിന് ചെക്ക് വെക്കുന്നതാകും ഈ പുരസ്‌കാരം. എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തിന് ആദ്യ കാഹളം മുഴക്കിയത് വെള്ളാപ്പള്ളിയാണ്. ഹിന്ദു സംഘടനകളുടെ ഐക്യം എന്ന നിലയിലേക്ക് ഇതിനെ മാറ്റണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ക്ക് ആഗ്രഹം ഏറെയാണ്. അതിലൊക്കെ ഉപരിയായി ഈഴവ വോട്ടുകളെ അടുപ്പിച്ചുനിര്‍ത്തുക എന്നത് ബിജെപിയുടെ ലക്ഷ്യമാണ്.

ഫലത്തില്‍ വെള്ളാപ്പള്ളിക്കും വിഎസിനും പുരസ്‌കാരം നല്‍കിയതിലൂടെ, സിപിഎമ്മിന്റെ രാഷ്ട്രീയ കളത്തിലേക്ക് കടന്നുകയറാനുള്ള മുന്നൊരുക്കം കൂടി ബിജെപിക്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.