കർത്തവ്യപഥിൽ പതാക ഉയർത്തി രാഷ്ട്രപതി; സൈനിക കരുത്തുൾപ്പടെ വർണാഭമായ പരേഡ്; 77ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ ഇന്ത്യ

കർത്തവ്യപഥിൽ പതാക ഉയർത്തി രാഷ്ട്രപതി; സൈനിക കരുത്തുൾപ്പടെ വർണാഭമായ പരേഡ്; 77ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ ഇന്ത്യ

ന്യൂഡൽഹി : 77ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ആവേശത്തിൽ രാജ്യം. ഡൽഹി കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ പതാക ഉയർത്തി. യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുഷ്പചക്രം അർപ്പിച്ചു. റിപ്പബ്ലിക് ദിന പരേഡിന് പ്രസിഡൻ്റ് ദ്രൗപതി മുർമുവാണ് നേതൃത്വം നൽകിയത്.

സൈനിക ശക്തിയും സാംസ്കാരിക തനിമയും വിളിച്ചോതുന്ന വർണാഭമായ പരേഡിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമെത്തിയ ആദ്യ റിപ്പബ്ലിക് ദിന പരേഡില്‍ രാജ്യം ഇന്നുവരെ കരസ്ഥമാക്കിയ സൈനിക നേട്ടങ്ങളും പുത്തന്‍ ആയുധങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും പ്രദര്‍ശിപ്പിച്ചു. കേരളത്തിൻ്റെ അടക്കം 30 നിശ്ചലദൃശ്യങ്ങളാണ് പരേഡിൽ അണിനിരന്നത്. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതാ നേട്ടവും​ കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിച്ചത്.

പരേഡിൽ വിശിഷ്ടാതിഥികളായി യൂറോപ്പ്യൻ യൂണിയൻ നേതാക്കൾ പങ്കെടുത്തു. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് മുഖ്യാതിഥികൾ. 

റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് വന്‍ സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം. കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ നുഴഞ്ഞുകയറ്റ ശ്രമവും രാജസ്ഥാനിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതുമെല്ലാം ചെറിയ തോതിൽ ആശങ്ക ഉയർത്തുന്നുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് സുരക്ഷാസംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുന്നത്.

റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാ​ഗമായി സംസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും പരിപാടികൾ സംഘടിപ്പിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് പതാക ഉയർത്തി. മലയാളത്തിലാണ് ​ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നേർന്നത്. വിവിധ സേനാവിഭാഗങ്ങള്‍, എന്‍സിസി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയവർ അണിനിരന്ന പരേഡിൽ ഗവര്‍ണര്‍ അഭിവാദ്യം സ്വീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.