റിപ്പബ്ലിക് ദിനത്തില്‍ സ്‌കൂളില്‍ ഭക്ഷണം വിളമ്പിയത് കീറിയെടുത്ത പുസ്തക താളുകളില്‍; അധികൃതര്‍ക്കെതിരെ അച്ചടക്ക നടപടി

റിപ്പബ്ലിക് ദിനത്തില്‍ സ്‌കൂളില്‍ ഭക്ഷണം വിളമ്പിയത് കീറിയെടുത്ത പുസ്തക താളുകളില്‍; അധികൃതര്‍ക്കെതിരെ അച്ചടക്ക നടപടി

മൈഹാര്‍: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കിയത് കീറിയെടുത്ത നോട്ട് ബുക്കിന്റെ താളുകളില്‍. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. മധ്യപ്രദേശിലെ മൈഹാര്‍ ജില്ലയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നല്‍കിയ പ്രത്യേക ഉച്ചഭക്ഷണമായ പൂരിയും ഹല്‍വയും വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പിയത് പഴയ പുസ്തകങ്ങളില്‍ നിന്ന് കീറിയെടുത്ത മഷിക്കറയുള്ള പേപ്പറുകളിലായിരുന്നു. സ്‌കൂളിലെ തറയിലിരുന്ന് കുട്ടികള്‍ ഇത്തരത്തില്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വിവാദമായതോടെ മൈഹാര്‍ ജില്ലാ കളക്ടര്‍ റാണി ബതാഡ് നേരിട്ട് ഇടപെടുകയും ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ വിഷ്ണു ത്രിപാഠിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയുമായിരുന്നു. ഉച്ചഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട അടിസ്ഥാന മാനദണ്ഡങ്ങളുടെ നഗ്‌നമായ ലംഘനമാണ് സ്‌കൂളില്‍ നടന്നതെന്ന് വിഷ്ണു ത്രിപാഠി തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

റിപ്പബ്ലിക് ദിനം പോലുള്ള ഒരു ദേശീയ ആഘോഷ വേളയില്‍ ഇത്തരത്തിലുണ്ടായ ഗുരുതരമായ അനാസ്ഥ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ഭക്ഷണത്തിനായുള്ള ശരിയായ ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തേണ്ട പൂര്‍ണ ഉത്തരവാദിത്തം പ്രിന്‍സിപ്പലിനാണെന്നും അദേഹം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിന്റെ ഇന്‍-ചാര്‍ജായ പ്രിന്‍സിപ്പല്‍ സുനില്‍ കുമാര്‍ ത്രിപാഠിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ രേവ ഡിവിഷന്‍ കമ്മീഷണര്‍ക്ക് കൈമാറി. ബ്ലോക്ക് റിസോഴ്‌സ് കോര്‍ഡിനേറ്ററായ പ്രദീപ് സിങിന്റെ ഒരു മാസത്തെ ശമ്പളം പിഴയായി ഈടാക്കാനും ഉത്തരവിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.