റബര്‍ വില 200 കടന്നു; ഷീറ്റ് കിട്ടാനില്ല, പ്രതിസന്ധി മാറാതെ കര്‍ഷകര്‍

റബര്‍ വില 200 കടന്നു; ഷീറ്റ് കിട്ടാനില്ല, പ്രതിസന്ധി മാറാതെ കര്‍ഷകര്‍

കോട്ടയം: ഒരിടവേളയ്ക്ക് ശേഷം റബര്‍ വില വീണ്ടും ഉയര്‍ന്നു. നിലവിലെ വില 200 രൂപ കടന്നെങ്കിലും കര്‍ഷകരുടെ പ്രതിസന്ധി മാറിയിട്ടില്ല. ഷീറ്റ് കിട്ടാനില്ലെന്നും വില വര്‍ധനവ് നേട്ടമുണ്ടാക്കുന്നില്ലെന്നുമാണ് റബര്‍ ഉല്‍പാദക സംഘങ്ങള്‍ പറയുന്നത്.

ഷീറ്റ് റബറിന്റെ ആഭ്യന്തര വിലയും രാജ്യാന്തര വിലയും കിലോഗ്രാമിന് 200 രൂപ കടന്നു. അതേസമയം മാര്‍ക്കറ്റില്‍ ചരക്ക് ക്ഷാമം രൂക്ഷവുമാണ്. ഇന്നലെ കോട്ടയം, കൊച്ചി മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാല് ഗ്രേഡിന് വില കിലോയ്ക്ക് 200.50 രൂപയായിരുന്നു. ഷീറ്റ് റബറിന് സ്‌പോട്ട് വില 192.50 രൂപയാണെങ്കിലും 197 രൂപയ്ക്ക് വരെ കച്ചവടം നടക്കുന്നുണ്ട്. ബാങ്കോക്ക് മാര്‍ക്കറ്റില്‍ വില 201.84 രൂപയായി ഉയര്‍ന്നു. എന്നാല്‍ 197 രൂപ വരെ ഉയര്‍ന്ന ലാറ്റക്സ് വില 190 ലേയ്ക്ക് കൂപ്പുകുത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

സ്വാഭാവിക ഇല പൊഴിച്ചിലിന് ശേഷം ഇലകള്‍ തളിര്‍ത്തതോടെ കര്‍ഷകരില്‍ ഭൂരിപക്ഷവും ടാപ്പിങ് നിര്‍ത്തിയതാണ് ചരക്ക് ദൗര്‍ലഭ്യത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വില വര്‍ധനവിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുന്നുമില്ല. റബര്‍, ഷീറ്റാക്കാതെ ലാറ്റക്സായും ചിരട്ടപ്പാലായും വില്‍ക്കുന്നതാണ് വില ഉയരുമ്പോള്‍ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കാതെ വരുന്നത്. റബര്‍ വില 200 കടക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നേട്ടമില്ലെന്നാണ് കര്‍ഷക കോണ്‍ഗ്രസ് അംഗം എബി ഐപ്പ് പറയുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും ഓഗസ്റ്റിലും റബര്‍ വില 213 രൂപ വരെ എത്തിയിരുന്നു. എന്നാല്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വില വര്‍ധനവില്‍ കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. നിലവില്‍ റബര്‍ മരങ്ങള്‍ ഇലകൊഴിച്ച ശേഷം തളിരിട്ട് നില്‍ക്കുകയാണ് ഇതുമൂലം ബഹുഭൂരിഭാഗം തോട്ടങ്ങളിലും ടാപ്പിങ് നടക്കുന്നില്ല. റബര്‍ വില 213 രൂപയില്‍ എത്തിയ ഓഗസ്റ്റ് മാസവും മഴ മൂലം ഉല്‍പാദനം കുറവായിരുന്നു.

കര്‍ഷകര്‍ റബര്‍ ഷീറ്റാക്കി സംഭരിച്ചു വയ്ക്കാത്തതാണ് വില ഉയരുന്നതിന്റെ പ്രയോജനം ലഭിക്കാത്തതിന് കാരണം. ലാറ്റക്സായും ചിരട്ടപ്പാലായും വില്‍പന നടത്തുമ്പോള്‍ അതത് കാലയളവിലെ വില മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുക.

റബര്‍ റീ പ്ലാന്റേഷന്‍

വില ഉയരുന്നത് ആഭ്യന്തര ഉല്‍പാദനത്തില്‍ കുറവുണ്ടാകുമ്പോഴാണെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ടാപ്പിങ് കാലാവധി പൂര്‍ത്തിയാക്കിയ ശേഷം റബര്‍ മരങ്ങള്‍ മുറിച്ച് മാറ്റുന്ന കര്‍ഷകര്‍ മറ്റ് കൃഷികളിലേക്ക് തിരിയുന്നത് കോട്ടയം ജില്ലയില്‍ വ്യാപകമാണ്. പുനര്‍ കൃഷിക്കുള്ള റബര്‍ ബോര്‍ഡ് സബ്സിഡി, സംസ്ഥാന സര്‍ക്കാരിന്റെ കേര പദ്ധതി എന്നിവ വഴി ആവര്‍ത്തന കൃഷിക്ക് വലിയ സഹായം ലഭിക്കുമ്പോഴും ഉല്‍പാദനച്ചിലവും വിലയിലെ ഏറ്റക്കുറച്ചിലുകളും മൂലം കര്‍ഷകര്‍ റബര്‍ കൃഷി ഉപേക്ഷിക്കുന്ന പ്രവണത തുടരുകയാണ്.

അതേസമയം റബര്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് റബര്‍ ബോര്‍ഡ് അറിയിച്ചു. സംസ്ഥാനത്ത് റബര്‍ റീ പ്ലാന്റേഷന്‍ അത്യാവശ്യമാണ്. റബര്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ വിവിധ പദ്ധതികള്‍ തീരുമാനിച്ചിട്ടുണ്ടെന്നും റബര്‍ ബോര്‍ഡ് വ്യക്തമാക്കി. പ്ലാന്റിങ് അസിസ്റ്റന്‍സ് സ്‌കീം, റെയിന്‍ ഗാര്‍ഡിങ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

റബര്‍ കൃഷിയും ഉല്‍പാദനവും വര്‍ധിക്കുന്നുവെന്ന റബര്‍ ബോര്‍ഡിന്റെ വാദം കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയുള്ളതാണെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മാര്‍ച്ച് മാസത്തോടെ റബര്‍ വില 220 രൂപയ്ക്ക് മുകളിലെത്തിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഷീറ്റായി തന്നെ റബര്‍ വിപണിയിലെത്തിക്കാന്‍ കര്‍ഷകര്‍ക്ക് പ്രോത്സാഹനം ഉണ്ടായെങ്കില്‍ മാത്രമേ റബര്‍ കൃഷി പഴയ പ്രതാപത്തിലേക്ക് തിരികെ എത്തൂ എന്നാണ് വിലയിരുത്തല്‍. ലാറ്റക്സായും ചിരട്ടപ്പാലായും റബര്‍ വിപണിയിലേക്ക് എത്തുമ്പോള്‍ ലാഭം ടയര്‍ കമ്പനികള്‍ക്കും മറ്റ് വന്‍കിട റബര്‍ ഉപയോക്താക്കള്‍ക്കും മാത്രമായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.