പാലക്കാട്: കേരളത്തിലെ അതിവേഗ റെയില്‍പാതാ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ മെട്രോമാന്‍ ഇ. ശ്രീധരന്‍. കെ-റെയില്‍ പദ്ധതി പ്രയോഗികമല്ലെന്നും താന്‍ മുന്നോട്ടുവച്ച ബദല്‍ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി മനപ്പൂര്‍വ്വം കാലതാമസം വരുത്തുകയാണെന്നും അദേഹം ആരോപിച്ചു.
ഇന്നലെ മുഖ്യമന്ത്രി നടത്തിയ പരിഹാസങ്ങള്‍ക്കും കെ.റെയില്‍ ഒഴിവാക്കിയതില്‍ തനിക്ക് പങ്കുണ്ടെന്നുള്ള സംശയങ്ങള്‍ക്കുമാണ് ശ്രീധരന്‍ മറുപടി നല്‍കിയത്. മുന്‍പ് മുഖ്യമന്ത്രി പുകഴ്ത്തിയ ബദല്‍ പദ്ധതിയെ ഇപ്പോള്‍ തള്ളിപ്പറയുന്നത് എന്തിനാണെന്നും അദേഹം ചോദിച്ചു.
'കെ. റെയില്‍ എന്തായാലും നടപ്പിലാകാന്‍ പോകുന്നില്ലെന്ന് ചര്‍ച്ചയില്‍ ഞാന്‍ മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞതാണ്. പുതിയ പദ്ധതിക്കായി കേന്ദ്രത്തിന് കത്തയക്കാമെന്ന് അദേഹം അന്ന് സമ്മതിച്ചതുമാണ്. എന്നാല്‍ പത്തുമാസം കഴിഞ്ഞിട്ടും ഒരു നടപടിയുമില്ല.
സര്‍ക്കാര്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. പദ്ധതിയുടെ കരട് തയ്യാറാക്കി നല്‍കാമെന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നിട്ടും കത്തയക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്'- ഇ. ശ്രീധരന്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ അനാവശ്യമായി നടപടികള്‍ വൈകിപ്പിക്കുന്നതിനാലാണ് കേന്ദ്ര റെയില്‍വെ മന്ത്രിയെ നേരിട്ട് കണ്ടത്. ഇപ്പോള്‍ ഇടപെട്ടില്ലെങ്കില്‍ കേരളത്തിന് ഹൈസ്പീഡ് റെയില്‍വേ എന്നന്നേക്കുമായി നഷ്ടമാകും. അതിവേഗ പാത ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും സ്വകാര്യ അജണ്ടയല്ല, അത് ജനങ്ങളുടെ ആവശ്യമാണ്.
പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ദ്രോഹമില്ലാത്ത പദ്ധതിയാണ് വേണ്ടത്. നിലവില്‍ ചര്‍ച്ചയാകുന്ന സെമി ഹൈസ്പീഡ് പദ്ധതിയായ ആര്‍ആര്‍ടിഎസ് വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.