'ശിക്ഷ വിധിക്കാന്‍ കുറ്റസമ്മത മൊഴി മാത്രം പോര; അനുബന്ധ തെളിവുകള്‍ കൂടി വേണം': നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി

'ശിക്ഷ വിധിക്കാന്‍ കുറ്റസമ്മത മൊഴി മാത്രം പോര; അനുബന്ധ തെളിവുകള്‍ കൂടി വേണം': നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: കുറ്റസമ്മത മൊഴി മാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കാന്‍ കഴിയില്ലെന്നും അനുബന്ധ തെളിവുകള്‍ കൂടി വേണമെന്നും സുപ്രീം കോടതിയുടെ നിര്‍ണായക വിധി. കൊലപാതകക്കേസില്‍ മേഘാലയ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി വിധി.

തെളിവുകളാല്‍ സ്ഥിരീകരിക്കാത്ത കുറ്റസമ്മത പ്രസ്താവനകള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിന് പര്യാപ്തമല്ല, പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തുന്ന സാഹചര്യ തെളിവുകള്‍ വേണമെന്നും കോടതി നിരീക്ഷിച്ചു.

മേഘാലയയില്‍ 2006 ല്‍ കാണാതായ ഒരു കോളജ് വിദ്യാര്‍ഥിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലാണ് നടപടി. കേസില്‍ മരിച്ച പെണ്‍കുട്ടിയുടെ രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ കസ്റ്റഡിയിലായിരുന്ന സമയത്ത് നല്‍കിയ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മേഘാലയ ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചത്.

വിചാരണ കോടതി വെറുതെവിട്ട പ്രതികളെ ആയിരുന്നു ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. എന്നാല്‍ വിചാരണ കോടതിയുടെ നടപടി ശരിവച്ചു കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

കേസില്‍ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്താന്‍ കോടതി ആശ്രയിച്ചിരുന്ന തെളിവുകള്‍ വിശ്വസനീയമല്ലെന്നും അന്വേഷണത്തില്‍ ഗുരുതരമായ വിടവുകള്‍ ഉണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രണ്ട് പ്രതികളെയും കുറ്റവിമുക്തരാക്കിയ കോടതി ഇരുവരെയും വിട്ടയക്കാനും നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.