'നമ്മുടെ പെണ്‍മക്കള്‍ പ്രണയത്തിലല്ല, കെണിയിലാണ് വീഴുന്നത്'; കേരള സ്റ്റോറി 2 ടീസര്‍ പുറത്ത്

 'നമ്മുടെ പെണ്‍മക്കള്‍ പ്രണയത്തിലല്ല, കെണിയിലാണ് വീഴുന്നത്'; കേരള സ്റ്റോറി 2 ടീസര്‍ പുറത്ത്

കൊച്ചി: ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ച 'ദി കേരള സ്റ്റോറി' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്ത്.

'ബിയോണ്ട് ദി കേരള സ്റ്റോറി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ 2.06 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 2026 ഫെബ്രുവരി 27 ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. 2023 ലാണ് 'ദി കേരള സ്റ്റോറി' റിലീസ് ചെയ്തത്.

യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 'ബിയോണ്ട് ദി കേരള സ്റ്റോറി' ഒരുക്കിയതെന്ന് വ്യക്തമാക്കിയാണ് ടീസര്‍ ആരംഭിക്കുന്നത്. 'നമ്മുടെ പെണ്‍കുട്ടികള്‍ പ്രണയത്തിലല്ല, മറിച്ച് കെണികളിലാണ് വീഴുന്നത്. ഇനി ഞങ്ങളിത് സഹിക്കില്ല, പോരാടും' എന്ന ക്യാപ്ഷനോടെയാണ് ടീസര്‍ പങ്കു വെച്ചിരിക്കുന്നത്.

ദേശീയ പുരസ്‌കാര ജേതാവായ കാമാഖ്യ നാരായണ സിങ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിപുല്‍ ഷാ നിര്‍മിക്കുന്ന ചിത്രത്തില്‍ സഹ നിര്‍മാതാവായി ആഷിന്‍ എ. ഷായും പ്രവര്‍ത്തിക്കുന്നു. പുതുമുഖങ്ങളാണ് മുഖ്യ വേഷങ്ങളില്‍. ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത 'ദി കേരള സ്റ്റോറി'യുടെ ആദ്യ ഭാഗം റിലീസ് ചെയ്ത സമയത്ത് വലിയ വിവാദങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഇടയാക്കിയിരുന്നു. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന പ്രൊപ്പഗണ്ട ചിത്രമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

എന്നാല്‍, 20 കോടി രൂപ ബജറ്റില്‍ നിര്‍മിച്ച ഈ ചിത്രം ലോകമെമ്പാടു നിന്നുമായി 300 കോടിയിലധകം രൂപ കളക്ഷന്‍ നേടുകയും രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്തു. ആദാ ശര്‍മ, സിദ്ധി ഇദ്‌നാനി, യോഗിതാ ബിഹാനി, സോണിയ ബാലാനി എന്നിവരാണ് കേരള സ്റ്റോറിയില്‍ അഭിനയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.