കൊച്ചി: ചികിത്സ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ച് മാറ്റപ്പെട്ട ഒമ്പത് വയസുകാരി വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഇടപെടലില്‍ കൊച്ചിയിലെ സ്വകാര്യ ക്ലിനിക്കില്‍ വെച്ചായിരുന്നു കൃത്രിമക്കൈ ഘടിപ്പിച്ചത്.
കൈ ഘടിപ്പിച്ച ശേഷം സമ്മാനങ്ങളുമായി വിനോദിനിയെ പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചു. തിങ്കളാഴ്ച കൂടി ആശുപത്രിയില്‍ തുടര്‍ന്ന ശേഷം ചൊവ്വാഴ്ച വിനോദിനി നാട്ടിലേക്ക് മടങ്ങും.
2025 സെപ്റ്റംബറിലാണ് പല്ലശന സ്വദേശിനി ഒമ്പത് വയസുകാരി വിനോദിനി വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ വീണ് പരിക്കേറ്റത്. വലതുകൈയുടെ എല്ല് പൊട്ടി പാലക്കാട് ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്ലാസ്റ്ററിട്ട് മടക്കിയയച്ചു. മുറിവ് വൃത്തിയാക്കാതെ പ്ലാസ്റ്ററിട്ടതിനാല്‍ പഴുപ്പ് കയറി അണുബാധ ഉണ്ടാകുകയായിരുന്നു.
തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ച് കൈ മുട്ടിന് താഴെവച്ച് മുറിച്ച് മാറ്റുകയായിരുന്നു. ഇന്ന് കാക്കനാട്ടെ സ്വകാര്യ പ്രോസ്തെറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക് റിഹാബിലിറ്റേഷന്‍ സെന്ററില്‍ വിനോദിനിക്ക് പുതിയ കൈ വച്ചുകൊടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇതിന്റെ മുഴുവന്‍ ചെലവും വഹിച്ചത്.
വിരലുകള്‍ മടക്കാന്‍ പറ്റുന്ന തരത്തില്‍ ആധുനിക രീതിയിലുള്ള കൈയാണ് ഘടിപ്പിച്ചത്. നാല് മണിക്കൂറോളം ചാര്‍ജ് ചെയ്താല്‍ രണ്ട് മൂന്ന് ദിവസം പ്രവര്‍ത്തിക്കും. വിരലുകള്‍ ഇഷ്ടാനുസരണം ചലിപ്പിക്കാനും എഴുതാനും കഴിയുമെന്നതിനാല്‍ വിനോദിനിയും കുടുംബവും സന്തോഷത്തിലാണ്. അഴിച്ചുവെക്കാനും വീണ്ടും ഘടിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള കൈയാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.