ബസ് റൂട്ട് വിഷയത്തില്‍ ഗതാഗത മന്ത്രിയെ നിയമസഭയില്‍ തിരുത്തി മുഖ്യമന്ത്രി; പിന്നാലെ വിശദീകരണവുമായി ഗണേഷ് കുമാര്‍

ബസ് റൂട്ട് വിഷയത്തില്‍ ഗതാഗത മന്ത്രിയെ നിയമസഭയില്‍ തിരുത്തി മുഖ്യമന്ത്രി; പിന്നാലെ വിശദീകരണവുമായി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിനെ നിയമസഭയില്‍ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ബസ് റൂട്ടുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

പ്രൈവറ്റ് ബസ് ഓടുന്ന സ്ഥലത്ത് കെഎസ്ആര്‍ടിസി ബസ് ഓടാതിരിക്കുക എന്ന മന്ത്രിയുടെ പ്രസ്താവന നയമായി കരുതപ്പെടും. അങ്ങനെ വന്നാല്‍ അത് വളരെ പ്രയാസമുണ്ടാക്കും. അനാരോഗ്യകരമായ മത്സരം ഒഴിവാക്കണമെന്ന മന്ത്രിയുടെ വാദം ശരിയാണ്. അതു നല്ലതുമാണ്.

പക്ഷേ സാധാരണ ഗതിയില്‍ ഇന്ന് കേരളത്തില്‍ ധാരാളം പ്രൈവറ്റ് ബസുകള്‍ ഓടുന്ന റോഡിലും ധാരാളം കെഎസ്ആര്‍ടിസി ബസുകളും ഓടുന്നുണ്ട്. അവിടെ നിന്നെല്ലാം കെഎസ്ആര്‍ടിസി ബസുകള്‍ പിന്‍വലിക്കുക എന്ന നയം സര്‍ക്കാരിന് സ്വീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആ തരത്തിലേക്ക് പോകുന്നത് വളരെ വിഷമമായി മാറും. അതുകൊണ്ടാണ് ഇതു വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൊട്ടു പിന്നാലെ മുന്‍ പ്രസ്താവനയില്‍ തിരുത്തുമായി മന്ത്രി ഗണേഷ് കുമാര്‍ രംഗത്തെത്തി. പ്രൈവറ്റ് ബസ് ഓടുന്ന എല്ലാ സ്ഥലത്തു നിന്നും മാറുന്ന പ്രശ്നമേയില്ല.

പ്രൈവറ്റ് ബസ് ഓടുന്ന സ്ഥലത്തെല്ലാം കെഎസ്ആര്‍ടിസിയും ഓടുന്നുണ്ട്. തീരെ വണ്ടിയില്ലാത്ത ഇടങ്ങളില്‍ ഓടിച്ചപ്പോള്‍ കളക്ഷന്‍ കിട്ടിയ കാര്യമാണ് പറഞ്ഞത്. പ്രൈവറ്റ് ബസുകളുമായി മത്സരിച്ച് കെഎസ്ആര്‍ടിസിക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. അതനര്‍ത്ഥം എല്ലാ സ്ഥലത്തും മാറി കൊടുക്കുമെന്ന് അല്ലായെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

അങ്ങനെ എല്ലാ സ്ഥലത്തും മാറികൊടുക്കുന്ന പ്രശ്നമില്ല. പ്രൈവറ്റ് ബസുകളുടെ കുത്തക തകര്‍ത്തുകൊണ്ടാണ് കെഎസ്ആര്‍ടിസി മുന്നേറുന്നത്. ബാംഗ്ലൂരിലേക്ക് പോകുന്ന ബസുകളിലൊക്കെ പ്രൈവറ്റ് ബസുകളില്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്നുണ്ട്. ആ മത്സരത്തില്‍ നല്ല വണ്ടികള്‍ വാങ്ങിച്ച് കെഎസ്ആര്‍ടിസി മുന്നിലുണ്ട്.

ദീര്‍ഘദൂര സര്‍വീസിലെല്ലാം കെഎസ്ആര്‍ടിസി മുന്നിലാണ്. ഉള്‍പ്രദേശങ്ങളിലും മലയോര മേഖലകളിലും ചെറിയ ബസുകള്‍ വാങ്ങി ഓടിക്കുന്നുണ്ട്. ഒരു കാരണവശാലും പ്രൈവറ്റ് ബസിന് അടുത്ത് കെഎസ്ആര്‍ടിസി മാറികൊടുക്കുമെന്ന് പ്രതീക്ഷിക്കേണ്ട. അതു മാറില്ലെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.