വത്തിക്കാൻ സിറ്റി: കഠിനമായ രോഗപീഡകളിലൂടെയും വേദനകളിലൂടെയും കടന്നുപോകുന്ന കുരുന്നുകളെ ചേർത്തുപിടിക്കാൻ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ഫെബ്രുവരി മാസത്തെ തന്റെ പ്രാർത്ഥനാനിയോഗം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
വേദനകളുടെ മധ്യത്തിലും ആ കുരുന്നുകൾ തൂകുന്ന ചിരി ദൈവരാജ്യത്തിന്റെ വലിയ സാക്ഷ്യമാണെന്ന് മാർപാപ്പ തന്റെ സന്ദേശത്തിൽ പറഞ്ഞു. രോഗം തളർത്തിയ അവരുടെ ദുർബലമായ ശരീരങ്ങൾ ദൈവസാന്നിധ്യത്തിന്റെ വലിയ അടയാളങ്ങളാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. എല്ലാ തളർച്ചയുടെയും അരക്ഷിതത്വത്തിന്റെയും നടുവിലും ആ കുടുംബങ്ങളെ പ്രത്യാശയിൽ നിലനിർത്താനും പരീക്ഷകളിലൂടെ ശക്തിപ്രാപിക്കുന്ന വിശ്വാസത്തിന്റെ സാക്ഷികളായി അവർ മാറുന്നതിനും വേണ്ടി അദേഹം പ്രാർത്ഥിച്ചു.
രോഗബാധിതരായ കുഞ്ഞുങ്ങളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്കായി മാർപാപ്പ സന്ദേശത്തിൽ പ്രത്യേകമായി പ്രാർത്ഥിക്കുന്നുണ്ട്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചാരകരുടെയും ശുശ്രൂഷകൾ എപ്പോഴും കാരുണ്യം നിറഞ്ഞതാകണം. ആർദ്രതയോടെയും ക്ഷമയോടെയും എപ്പോഴും ശുശ്രൂഷ ചെയ്യാൻ അവർക്ക് സാധിക്കണം. ആശ്വാസത്തിന്റെ സ്രോതസും പ്രത്യാശയുടെ വിത്തും പുതുജീവിതത്തിന്റെ പ്രഘോഷണവുമായി സഭ മാറണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.