ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ് ഉഭയകക്ഷി വ്യാപാര കരാറിന്റെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആദ്യപടിയായ സംയുക്ത പ്രസ്താവന നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. മാര്‍ച്ച് പകുതിയോടെ കരാറില്‍ ഔദ്യോഗികമായി ഒപ്പിടുമെന്നും അദേഹം പറഞ്ഞു.
ഇന്ത്യയുമായി കരാറായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്കയിലെ നികുതി 18 ശതമാനമായി കുറയ്ക്കുമെന്നും അദേഹം പറഞ്ഞു. അതേസമയം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ നികുതിയില്ലെന്ന ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഇന്ത്യ മൗനം തുടരുകയാണ്. കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുമില്ല.
സംയുക്ത പ്രസ്താവന നടത്തിയാല്‍ യു.എസ് പ്രസിഡന്റിന് എക്‌സിക്യുട്ടീവ് ഉത്തരവിലൂടെ തീരുവ 50 ല്‍ നിന്ന് 18 ശതമാനമായി കുറയ്ക്കാന്‍ ആകും. കരാറില്‍ ഒപ്പിട്ട ശേഷമേ ഇന്ത്യയ്ക്ക് നികുതി ഇളവ് അനുവദിക്കാനാകൂ. കരാറിന്റെ ആദ്യ ഘട്ടം തയ്യാറായിക്കഴിഞ്ഞെന്ന് പിയൂഷ് ഗോയലും വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാളും പറഞ്ഞു.
50,000 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് നീക്കം. ഊര്‍ജ്ജം, ഡാറ്റ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐ.സി.ടി) ഉല്‍പന്നങ്ങള്‍, വിമാനങ്ങള്‍, സ്പെയര്‍ പാര്‍ട്‌സുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. വിമാന നിര്‍മാതാക്കളായ ബോയിങിന് 7000 കോടി ഡോളറിന്റെ ഓര്‍ഡര്‍ ലഭിച്ചേക്കും.
അതേപോലെ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിറുത്തുമോ എന്നതിലും ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല. വെനസ്വേലയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്ന ട്രംപിന്റെ പ്രസ്താവന മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആ രാജ്യവുമായി ദീര്‍ഘകാല ബന്ധമുണ്ടെന്നായിരുന്നു വിദേശകാര്യ വക്താവിന്റെ പ്രതികരണം. 140 കോടി ഇന്ത്യക്കാര്‍ക്ക് ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുന്‍ഗണന. തീരുമാനങ്ങള്‍ ദേശീയ താല്‍പര്യം മുന്‍നിറുത്തിയായിരിക്കുമെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.