സുവിശേഷഭാഗ്യങ്ങൾ സന്തോഷത്തിന്റെ മാനദണ്ഡം; വിദൂരമായ സമാശ്വാസത്തെക്കുറിച്ചല്ല ക്ലേശങ്ങളിൽ താങ്ങിനിർത്തുന്ന കൃപയെക്കുറിച്ചാണ് അത് ഓർമ്മിപ്പിക്കുന്നത്: മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

സുവിശേഷഭാഗ്യങ്ങൾ സന്തോഷത്തിന്റെ മാനദണ്ഡം; വിദൂരമായ സമാശ്വാസത്തെക്കുറിച്ചല്ല ക്ലേശങ്ങളിൽ താങ്ങിനിർത്തുന്ന കൃപയെക്കുറിച്ചാണ് അത് ഓർമ്മിപ്പിക്കുന്നത്: മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

വത്തിക്കാൻ സിറ്റി: ലോകം ഹതഭാഗ്യരായി കരുതി തള്ളിക്കളയുന്നവർക്ക് ദൈവം നൽകുന്ന പ്രത്യാശയാണ് സുവിശേഷത്തിലെ അഷ്ടസൗഭാഗ്യങ്ങൾ എന്ന് ലിയോ പതിനാലാമൻ മാർപാപ്പ. സുവിശേഷഭാഗ്യങ്ങൾക്ക് അനുസൃതമായ ജീവിതം നമ്മെ ആനന്ദത്താൽ നിറക്കുകയും ലോകത്തിന്റെ കരിനിഴലുകൾക്കുമേൽ പ്രകാശം വീശുകയും ഹൃദയങ്ങളെ നവീകരിക്കുകയും ചെയ്യുമെന്ന് മാർപാപ്പ കൂട്ടിച്ചേർത്തു.

ഞായറാഴ്ച മധ്യാഹ്ന പ്രാർഥനയ്ക്കിടെ നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യങ്ങൾ പറഞ്ഞത്. മത്തായിയുടെ സുവിശേഷത്തിൽ വിവരിച്ചിരിക്കുന്ന അഷ്ടസൗഭാഗ്യങ്ങളെക്കുറിച്ചായിരുന്നു അന്നേ ദിവസത്തെ ആരാധനക്രമ വായന. (മത്തായി 5:1-12) വാസ്തവത്തിൽ, ചരിത്രത്തിൻ്റെ ഇരുണ്ട ദശാസന്ധിയിൽ നമ്മുടെ കർത്താവ് കൊളുത്തിയ വിളക്കുകളാണ് സുവിശേഷഭാഗ്യങ്ങൾ എന്ന് പാപ്പാ പറഞ്ഞു. അവയിലൂടെ വെളിപ്പെട്ടത്, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ പുത്രനിലൂടെ പിതാവായ ദൈവം പൂർത്തിയാക്കിയ രക്ഷാകര പദ്ധതിയാണ്.

ജീവിത നവീകരണം

മലമുകളിൽനിന്ന് ക്രിസ്തു തൻ്റെ ശിഷ്യർക്ക് നൽകിയത്, കൽപലകകളിലല്ല, ഹൃദയങ്ങളിൽ എഴുതപ്പെട്ട ഒരു പുതിയ നിയമമാണ്. ലോകത്തിലെ ദുരിതങ്ങൾക്കിടയിൽ പരാജിതരായി തോന്നിയാലും, ക്രിസ്തുവിന്റെ ഈ പുതിയ നിയമം നമ്മുടെ ജീവിതത്തെ നവീകരിക്കുകയും നന്മയുള്ളതാക്കുകയും ചെയ്യുന്നു.

ദരിദ്രരെയും പീഡിപ്പിക്കപ്പെടുന്നവരെയും ഭാഗ്യവാന്മാർ എന്ന് വിളിക്കാൻ ദൈവത്തിനു മാത്രമേ സാധിക്കുകയുള്ളൂ, കാരണം, അനന്തമായ സ്നേഹത്താൽ തന്നെത്തന്നെ എല്ലാവർക്കുമായി നൽകുന്ന സർവ്വനന്മ സ്വരൂപനാണ് അവിടുന്ന്. സമാധാനവും നീതിയും അന്വേഷിക്കുന്നവരെ തൃപ്തിപ്പെടുത്താനും അവിടുത്തേക്കു മാത്രമേ സാധിക്കൂ, കാരണം, അവിടുന്നാണ് ലോകത്തിന്റെ നീതിമാനായ ന്യായാധിപനും നിത്യമായ സമാധാനത്തിന്റെ കർത്താവും.

ശാന്തശീലരും കരുണയുള്ളവരും ഹൃദയശുദ്ധിയുള്ളവരുമായവർക്ക് ദൈവത്തിൽ മാത്രമാണ് ആനന്ദം കണ്ടെത്താൻ സാധിക്കുന്നത്, കാരണം, അവിടുന്ന് മാത്രമാണ് അവരുടെ പ്രതീക്ഷകളുടെ പൂർത്തീകരണം. അവർക്ക് പീഡനങ്ങളിൽ വിമോചനവും വ്യാജപ്രചരണങ്ങളിൽ സത്യത്തിന്റെ നങ്കൂരവും അവിടുന്ന് മാത്രമാകുന്നു.

ആനന്ദിച്ച് ആഹ്ലാദിക്കുവിൻ

ഇക്കാരണത്താലാണ്, 'ആനന്ദിച്ച് ആഹ്ലാദിക്കുവിൻ' എന്ന് യേശു പ്രഖ്യാപിക്കുന്നത് - പാപ്പാ വിശദീകരിച്ചു. ശക്തരായവർ ഭൂമിയെ ഭരിക്കും എന്നു വിചാരിക്കുന്നവർക്ക് സുവിശേഷ ഭാഗ്യങ്ങൾ ഒരു വിരോധാഭാസമായി തോന്നിയേക്കാം. സന്തോഷം ധനവാന്മാർക്കു മാത്രമുള്ളതാണെന്ന് ധാരണ പുലർത്തുന്നവർ യേശുവിന്റെ വാക്കുകൾ പ്രായോഗികമല്ല എന്നും ചിന്തിച്ചേക്കാം. ക്രിസ്തുവിലുള്ള വിശ്വാസക്കുറവിനെയാണ് അത് സൂചിപ്പിക്കുന്നത്.

എല്ലാവർക്കുമായി സ്വജീവൻ പങ്കുവച്ച 'ദരിദ്രനും' സഹനങ്ങളിൽ തളർന്നുപോകാത്ത ശാന്തശീലനും കുരിശുമരണം വരെ പീഡിപ്പിക്കപ്പെട്ട സമാധാന പ്രണേതാവുമാണ് ക്രിസ്തു. ഇക്കാര്യം നമ്മെ അത്ഭുതപ്പെടുത്തുന്നതാണെന്ന് പാപ്പാ പറഞ്ഞു. ഇങ്ങനെ, യേശു ചരിത്രത്തിന്റെ പൊരുളിനെ പ്രകാശിപ്പിക്കുന്നു. അത് ഇനിമേൽ ജേതാക്കളാലല്ല എഴുതപ്പെടുന്നത്, പിന്നെയോ, അടിച്ചമർത്തപ്പെട്ടവർക്കും ലോകം ഭാഗ്യഹീനരെന്നു വിളിക്കുന്നവർക്കും പ്രത്യാശ നൽകുന്ന ദൈവത്താലാണെന്ന് പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു.

സന്തോഷത്തിന്റെ മാനദണ്ഡം

സുവിശേഷഭാഗ്യങ്ങൾ നമുക്ക് സന്തോഷത്തിന്റെ മാനദണ്ഡമായി മാറണം. നേടിയെടുക്കുന്നതും വാങ്ങിക്കൂട്ടുന്നതുമായ കാര്യങ്ങളിലാണോ അതോ, നാം പങ്കുവയ്ക്കുന്ന ദാനങ്ങളിലാണോ നമ്മുടെ സന്തോഷം കുടികൊള്ളുന്നത്? നശ്വരമായ വസ്തുക്കളിലാണോ അതോ, നിലനിൽക്കുന്ന ബന്ധങ്ങളിലാണോ നാം സന്തോഷം കണ്ടെത്തുന്നത്? ഈ ചോദ്യങ്ങൾ നാം സ്വയം ചോദിക്കണമെന്ന് മാർപാപ്പ പറഞ്ഞു.

പാപ്പാ തുടർന്നു: പരീക്ഷണങ്ങളുടെ കയ്പ്, വീണ്ടെടുക്കപ്പെട്ടവരുടെ സന്തോഷമായി രൂപാന്തരപ്പെടുത്തുന്ന ക്രിസ്തുവിന് നന്ദി! വിദൂരമായ ഒരു സമാശ്വാസത്തെക്കുറിച്ചല്ല അവിടുന്ന് പറയുന്നത്. എല്ലായിപ്പോഴും, പ്രത്യേകിച്ച് ക്ലേശങ്ങളുടെ മണിക്കൂറുകളിൽ നമ്മെ താങ്ങിനിർത്തുന്ന കൃപയെക്കുറിച്ചാണ്.

സുവിശേഷഭാഗ്യങ്ങൾ വിനീതരെ ഉയർത്തുകയും ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിക്കുകയും ചെയ്യുന്നു.
സുവിശേഷഭാഗ്യങ്ങൾക്കനുസൃതം ജീവിക്കാൻ, കർത്താവിൻ്റെ ദാസിയും എല്ലാ തലമുറകളാലും ഭാഗ്യവതിയെന്നു പ്രകീർത്തിക്കപ്പെടുന്നവളുമായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ സഹായം അപേക്ഷിച്ചുകൊണ്ട് ലിയോ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പമാരുടെ ഇതുവരെയുള്ള സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.