ജനസംഖ്യ നാല്‍പ്പത്തിയഞ്ച് ലക്ഷത്തിലധികം: മലപ്പുറത്തെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത വാര്‍ഷികത്തില്‍ പ്രമേയം

ജനസംഖ്യ നാല്‍പ്പത്തിയഞ്ച് ലക്ഷത്തിലധികം: മലപ്പുറത്തെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത വാര്‍ഷികത്തില്‍ പ്രമേയം

കാസര്‍കോട്: മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് പ്രമേയം. സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. നാല്‍പ്പത്തിയഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ഉള്‍പ്പെടെയുള്ള വലിയ ജില്ലകളില്‍ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും വിഭവങ്ങള്‍ തുല്യമായി വിതരണം ചെയ്യുന്നതിനും വിഭജനം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഉമര്‍ ഫൈസി മുക്കമാണ് പ്രമേയം അവതരിപ്പിച്ചത്.

കേരളത്തിന്റെ ജനസംഖ്യയും ഭരണ നിര്‍വഹണത്തിലെ വെല്ലുവിളികളും ജില്ലകളുടെ പുനര്‍നിര്‍ണയം അനിവാര്യമാക്കിയിരിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു. ഭൂപ്രകൃതിയും യാത്രാ ക്ലേശവും കണക്കിലെടുത്താല്‍ ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും പ്രശ്‌നങ്ങളുണ്ടെന്ന് പ്രമേയത്തില്‍ പറയുന്നു.

പുതിയ ജില്ലകള്‍ വരുന്നതോടെ സിവില്‍ സ്റ്റേഷനുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ എത്തുമെന്നും പിന്നോക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗത കൈവരിക്കുകയും ചെയ്യുമെന്ന് പ്രമേയത്തില്‍ പറയുന്നു. ഇതിനായി രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാറ്റിവെച്ച് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ രംഗത്തിറങ്ങണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

നേരത്തെ മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗവും രംഗത്തെത്തിയിരുന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരള യാത്രയ്ക്കിടെയായിരുന്നു ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗം രംഗത്തെത്തിയത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.