നീന്തല്‍ പഠിപ്പിച്ചത് കുസൃതിക്ക് കടിഞ്ഞാണിടാന്‍! ഓളങ്ങളെ വകഞ്ഞുമാറ്റി ആഴങ്ങളെ കീഴടക്കി നാല് വയസുകാരി എസ്‌തേര്‍

നീന്തല്‍ പഠിപ്പിച്ചത് കുസൃതിക്ക് കടിഞ്ഞാണിടാന്‍! ഓളങ്ങളെ വകഞ്ഞുമാറ്റി ആഴങ്ങളെ കീഴടക്കി നാല് വയസുകാരി എസ്‌തേര്‍

കോട്ടയം: ആഴങ്ങളെ കീഴടക്കി പുഴകളിലും കായലുകളിലും നീന്തി മറുകര തൊടുകയാണ് നാല് വയസുകാരി എസ്‌തേര്‍ (ചിന്നു). നാവില്‍ അക്ഷരമെഴുതും മുമ്പ് ജല സാക്ഷരത നേടിയ മിടുക്കിയാണ് ഈ നാല് വയസുകാരി.

കുസൃതിക്ക് കടിഞ്ഞാണിടാനാണ് രണ്ടാം വയസില്‍ എസ്‌തേറിനെ കുമ്മനത്തെ ജീവന്‍ രക്ഷാ അക്കാഡമിയില്‍ നീന്തലിന് ചേര്‍ത്തത്. തുറമുഖ വകുപ്പിന് കീഴിലുള്ള റെസ്‌ക്യു ടീം ലീഡര്‍ കൂടിയായ അബ്ദുള്‍ കലാം ആസാദിന്റെ പരിശീലനത്തില്‍ ഒരു മാസത്തിനുള്ളില്‍ കുഞ്ഞ് എസ്‌തേര്‍ നീന്തിത്തുടങ്ങി. പിന്നീട് മീനച്ചിലാറിന്റെ ഓളങ്ങളെ ആ കൊച്ചു മിടുക്കി പല തവണ തോല്‍പ്പിച്ചു.

മൂന്നര വയസില്‍ അഷ്ടമുടിക്കായലില്‍ രണ്ടര കിലോമീറ്റര്‍ നീന്തിയിരുന്നു. പിന്നാലെ വേമ്പനാട്ട് കായലില്‍ അഞ്ചര കിലോമീറ്ററും. ശക്തമായ ഓളം കാരണം രണ്ടര മണിക്കൂറെടുത്താണ് വേമ്പനാട്ടുകായല്‍ നീന്തിയത്.

എസ്‌തേറിന്റെ അമ്മ ക്രിസ്റ്റീനയുടെ കുടുംബ സുഹൃത്തും പൊലീസുകാരനുമായ മുഹമ്മദ് ഷെബിനാണ് നീന്തലിന്റെ വഴി തുറന്നത്. ഒരു വയസ് പൂര്‍ത്തിയായപ്പോള്‍ മുതല്‍ എസ്തറിനെ ആറ്റുകടവിലെ വെള്ളത്തിലിറക്കി പേടി മാറ്റി. നീന്തല്‍ പഠിച്ച ശേഷം എസ്‌തേറിനുണ്ടായ മാറ്റത്തില്‍ പിതാവ് ചിങ്ങവനം സ്വദേശി പാവൂര്‍ കൃഷ്ണകുമാറും അമ്മ ക്രിസ്റ്റീനയും സന്തോഷത്തിലാണ്.

ചാമ്പ്യന്‍ഷിപ്പും സ്‌കൂബാ ഡൈവിങും ഉള്‍പ്പെടെ എസ്‌തേറിന്റെ മനസില്‍ ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടെന്ന് കുടുംബം വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.