ചെലവ് 3.25 ലക്ഷം കോടി; 114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങുന്നു: ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

ചെലവ് 3.25 ലക്ഷം കോടി; 114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങുന്നു: ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

ഒരേ സമയം വ്യോമാക്രമണം, പ്രതിരോധം, നിരീക്ഷണം, ആണവായുധ വിന്യാസം തുടങ്ങിയ ഒന്നിലധികം ദൗത്യങ്ങള്‍  നിര്‍വഹിക്കാന്‍ ഈ വിമാനത്തിന് സാധിക്കും.

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് 114 റാഫാല്‍ എഫ്-4 യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പിടാനൊരുങ്ങി ഇന്ത്യ. 3.25 ലക്ഷം കോടി രൂപയുടെ ഈ കരാര്‍ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ കരാറായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

വ്യോമ സേനയുടെ മള്‍ട്ടി റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വൈകാതെ ഇന്ത്യയില്‍ എത്തുന്നുണ്ട്. അതിന് മുമ്പായി കരാറിന് അന്തിമ രൂപം നല്‍കിയേക്കുമെന്നാണ് സൂചന.

ഇതിന്റെ ഭാഗമായി നൂറോളം വിമാനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ചേക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ഇത്. 114 റഫാല്‍ വിമാനങ്ങള്‍കൂടി ഇന്ത്യയ്ക്ക് ലഭിക്കുന്നതോടെ ലോകത്ത് ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റഫാല്‍ വിമാനങ്ങളുള്ള രാജ്യമായി ഇന്ത്യ മാറും. 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇപ്പോള്‍ ഇന്ത്യയ്ക്കുണ്ട്.

2024 ഡിസംബറിലാണ് അവസാനമായി വ്യോമ സേനയ്ക്ക് 'സി' വേരിയന്റ് റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് എത്തിച്ചത്. കൂടാതെ 26 'എം' വേരിയന്റ് റഫാലുകള്‍ക്കും ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതിന്റെ കൈമാറ്റം 2030 ആകുമ്പോഴേക്കും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ കരാറിലൂടെ ലഭിക്കുന്ന പുതിയ എഫ് 4 പതിപ്പ് സാങ്കേതികമായി ഏറെ മുന്നിലാണ് എന്നതാണ് പ്രത്യേകത. സാറ്റലൈറ്റ് ആശയവിനിമയ ലിങ്കുകള്‍ (സാറ്റ്‌കോം), പരിഷ്‌കരിച്ച മിഷന്‍ കമ്പ്യൂട്ടറുകള്‍, സോഫ്റ്റ് വെയര്‍ അധിഷ്ഠിത റേഡിയോകള്‍ എന്നിവ വഴി മറ്റ് വിമാനങ്ങളുമായും കമാന്‍ഡ് നെറ്റ് വര്‍ക്കുകളുമായും തത്സമയം വിവരങ്ങള്‍ പങ്കുവെക്കാന്‍ ഇതിന് സാധിക്കും.

ഒരേ സമയം വ്യോമാക്രമണം, പ്രതിരോധം, നിരീക്ഷണം, ആണവായുധ വിന്യാസം തുടങ്ങിയ ഒന്നിലധികം ദൗത്യങ്ങള്‍ നിര്‍വഹിക്കാനും ഈ വിമാനത്തിന് സാധിക്കും.

കാശ്മീരിലെ ലേ പോലെയുള്ള ഉയര്‍ന്ന പ്രദേശങ്ങളിലെ കഠിനമായ തണുപ്പിലും കുറഞ്ഞ വായു സമ്മര്‍ദ്ദത്തിലും പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന എഞ്ചിന്‍ സംവിധാനങ്ങള്‍, അത്യാധുനിക ഇലക്ട്രോണിക് വാര്‍ഫെയര്‍ ഉപകരണങ്ങള്‍, പൈലറ്റുമാരുടെ സുരക്ഷയ്ക്കായുള്ള 'ടോഡ് ഡീകോയ്സ്' എന്നിങ്ങനെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള പുതിയ സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചൈനയും പാകിസ്ഥാനും തമ്മില്‍ വര്‍ധിച്ചു വരുന്ന സൈനിക സഹകരണം മൂലമുള്ള ഭീഷണിയെ നേരിടാന്‍ ഈ അത്യാധുനിക വിമാനങ്ങള്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.