പ്രതിഷേധം ശക്തം; എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കില്ല

പ്രതിഷേധം ശക്തം; എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കില്ല

ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും വിദേശ ഫണ്ട് വിനിയോഗത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു.

നിയമ ഭേദഗതിക്കെതിരെ ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയയ്ക്കുകയും പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് തീരുമാനം. ഇന്ന് ബില്‍ ചര്‍ച്ചയ്ക്ക് എടുക്കില്ലെന്ന് കിരണ്‍ റിജിജു സഭയെ അറിയിക്കുകയായിരുന്നു. നാളെ പരിഗണിക്കുമോയെന്ന് വ്യക്തമാക്കിയില്ല.

ബില്ലിനെതിരെ സഭയ്ക്ക് അകത്തും പുറത്തും വന്‍ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. എഫ്‌സിആര്‍എ നിയമഭേദഗതി റദ്ദാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 12 മണി വരെ ലോക്‌സഭ നിര്‍ത്തിവെച്ചു. അതേസമയം, രാജ്യതാല്‍പര്യ പ്രകാരമാണ് ഭേദഗതിയെന്നും ബില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യം വെച്ചല്ലെന്നും കിരണ്‍ റിജിജു സഭയില്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് ബില്ലെന്നും വിശദ പരിശോധനയ്ക്കായി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നുമാണ് സിബിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. സഭാ നേതൃത്വം നിലപാട് കടുപ്പിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി കേരളത്തിലെ എംപിമാര്‍ ലോക്‌സഭാ നടപടികളില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയിരുന്നു. ബില്ലിനെതിരെ പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.