മണിപ്പൂര്‍ വീണ്ടും അശാന്തിയിലേക്ക്: ഉഖ്റുല്‍ ജില്ലയില്‍ അഞ്ച് ദിവസത്തേക്ക് കര്‍ഫ്യൂ; ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു

മണിപ്പൂര്‍ വീണ്ടും അശാന്തിയിലേക്ക്: ഉഖ്റുല്‍ ജില്ലയില്‍ അഞ്ച് ദിവസത്തേക്ക് കര്‍ഫ്യൂ; ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു

ഇംഫാല്‍: അക്രമങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മണിപ്പൂരിലെ ഉഖ്റുല്‍ ജില്ലയില്‍ അഞ്ച് ദിവസത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വെക്കുകയും ചെയ്തു.

ആയുധധാരികളായ അക്രമികള്‍ വീടുകള്‍ക്ക് തീയിട്ടതു മൂലം ഗ്രാമവാസികള്‍ രാത്രിയോടെ പലായനം ചെയ്യാന്‍ തുടങ്ങിയതോടെയാണ് സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

തിങ്കളാഴ്ച രാത്രി വൈകിയാണ് ജില്ലയില്‍ വീണ്ടും അക്രമങ്ങള്‍ ആരംഭിച്ചത്. അക്രമികള്‍ ലിത്തന്‍ സരെയ്ഖോങ് ഗ്രാമത്തിലെ വീടുകള്‍ക്ക് തീയിടുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു.

ഇതോടെ ഗ്രാമവാസികള്‍ പരിഭ്രാന്തരായി. കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന് പലരും അയല്‍ ജില്ലയായ കാങ്‌പോക്പിയിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു.

ടാങ്ഖുള്‍ ഗ്രാമത്തിലെ ജനങ്ങളും ഈ പ്രദേശങ്ങള്‍ വിട്ടുപോയതായി റിപ്പോര്‍ട്ടുണ്ട്. അഗ്നിബാധയെ തുടര്‍ന്ന് ഉഖ്‌റുല്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ 12.10 ന് കെ ലുങ്വിറാം ഗ്രാമത്തില്‍ ഒരു ചെറിയ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തതായും ഒരു വീടിന് ഭാഗികമായ നാശനഷ്ടം സംഭവിച്ചതായും പോലീസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സുരക്ഷാ സേന ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണത്തിലാക്കിയെന്നും തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്നും പൊതുവായ സാഹചര്യം സാധാരണ നിലയിലാണെന്നും പോലീസ് വ്യക്തമാക്കി.

കൊന്‍സരം ഗ്രാമപഞ്ചായത്ത് ഈ സംഭവത്തെ ശക്തമായി അപലപിച്ചു. ഗ്രാമത്തില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കണമെന്നും ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കണമെന്നും ക്രമസമാധാനം പുനസ്ഥാപിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പഞ്ചായത്ത് അധികൃതര്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെ നേരിടാനും അധികൃതര്‍ നടപടി സ്വീകരിച്ചു. വലിയ രീതിയിലുള്ള ജനങ്ങളുടെ പലായന വാര്‍ത്ത പോലീസ് നിഷേധിച്ചു.

പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതിനാല്‍ ഏതാനും വിദ്യാര്‍ഥികളും കുടുംബങ്ങളും മാത്രമാണ് താല്‍ക്കാലിക വാടക കെട്ടിടങ്ങളിലേക്ക് മാറിയതെന്ന് അവര്‍ വിശദീകരിച്ചു. അവിശ്വസനീയമായ വിവരങ്ങള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പൊതുജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.