കേരളത്തിലും ഒഡിഷയിലും പണിമുടക്ക് പൂര്‍ണം; മറ്റ് സംസ്ഥാനങ്ങളെ കാര്യമായി ബാധിച്ചില്ല

 കേരളത്തിലും ഒഡിഷയിലും പണിമുടക്ക് പൂര്‍ണം; മറ്റ് സംസ്ഥാനങ്ങളെ കാര്യമായി ബാധിച്ചില്ല

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി യൂണിയനുകള്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് കാര്യമായി ബാധിച്ചത് കേരളത്തിലും ഒഡിഷയിലും.

കേരളത്തില്‍ പണിമുടക്ക് ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചു. ചെറു സ്വകാര്യ വാഹനങ്ങള്‍ ഓടിയെങ്കിലും കെഎസ്ആര്‍ടിസി, സ്വകാര ബസുകളും ചരക്ക് ലോറികളും നിരത്തിലിറങ്ങിയില്ല. കട കമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ ഏതാണ്ട് പൂര്‍ണമായും സ്തംഭിച്ചു.

ഒഡിഷയിലും പണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിച്ചു. 12 മണിക്കൂര്‍ ബന്ദായിട്ടാണ് ഒഡീഷയിലെ സമരം. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും മറ്റ് ഘടകകക്ഷികളും ചില കര്‍ഷക സംഘടനകളും ബന്ദിന് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ ബിജെഡിയുടെ തൊഴിലാളി സംഘടന പണിമുടക്കിന് ധാര്‍മ്മിക പിന്തുണ മാത്രമാണ് നല്‍കുന്നത്.

ദേശീയ, സംസ്ഥാന പാതകള്‍ ഉള്‍പ്പെടെയുള്ള പ്രധാന റോഡുകള്‍ ഉപരോധിച്ചതിനാല്‍ പൊതുഗതാഗതം സ്തംഭിച്ചു. കടകള്‍ അടച്ചിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സമരം ബാധിച്ചു. ഒഡീഷയിലെ പ്രധാന നഗരങ്ങളായ ഭുവനേശ്വര്‍, കട്ടക്, ബാലസോര്‍, ബെര്‍ഹാംപൂര്‍, സംബല്‍പൂര്‍ എന്നിവിടങ്ങളില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു.

ജാര്‍ഖണ്ഡില്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ്, കല്‍ക്കരി മേഖലകളെ പണിമുടക്ക് ബാധിച്ചു. ഛത്തീസ്ഗഡില്‍ ജീവനക്കാര്‍ പണിമുടക്കിയതിനാല്‍ നിരവധി ദേശസാല്‍കൃത ബാങ്കുകള്‍ അടഞ്ഞു കിടന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍, തപാല്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു.

സംസ്ഥാനത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും ഭാഗികമായി തിരിച്ചടിയേറ്റു. എന്നാല്‍ സംസ്ഥാനത്തെ ഗതാഗത സംവിധാനങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു, വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചു.

അതേസമയം തമിഴ്നാട്, ഗോവ, മധ്യപ്രദേശ്, പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ സമരത്തോട് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. തമിഴ്നാട്ടിലെ തുറമുഖ പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പണിമുടക്ക് ബാധിച്ചു. തൂത്തുക്കുടി, ചെന്നൈ എന്നിവിടങ്ങളിലെ തുറമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടു.

ശ്രീപെരുമ്പത്തൂര്‍ വ്യാവസായിക കേന്ദ്രത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു. അതേസമയം നിര്‍മാണ യൂണിറ്റുകളില്‍ നിന്നുള്ള തൊഴിലാളികള്‍ ഹര്‍ത്താലിന് പിന്തുണയര്‍പ്പിച്ച് യോഗങ്ങളും പ്രകടനങ്ങളും നടത്തി.

ഗോവയില്‍ പണിമുടക്കിന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടെങ്കിലും അവശ്യ സേവനങ്ങള്‍ തടസമില്ലാതെ തുടര്‍ന്നു. ദേശസാല്‍കൃത ബാങ്കുകളും പല ഇന്‍ഷുറന്‍സ് കമ്പനികളുടെയും ഓഫീസുകളും സംസ്ഥാനത്ത് അടഞ്ഞു കിടന്നു.

മധ്യപ്രദേശിലെ പ്രതിരോധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 25,000 ല്‍ അധികം ജീവനക്കാര്‍ പണിമുടക്കിന് പിന്തുണയര്‍പ്പിച്ച് വ്യാഴാഴ്ച ഒരു മണിക്കൂര്‍ വൈകിയാണ് ജോലിക്ക് എത്തിയത്. സംസ്ഥാനത്ത് വിപണികള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിച്ചു.

പശ്ചിമ ബംഗാളില്‍ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. വാഹനങ്ങള്‍ പതിവുപോലെ ഓടി. സംസ്ഥാന, സ്വകാര്യ ഓഫീസുകളില്‍ സാധാരണ പോലെ ഹാജര്‍ രേഖപ്പെടുത്തി. ത്രിപുരയിലും പണിമുടക്കിനോട് അനുകൂല പ്രതികരണങ്ങള്‍ ഉണ്ടായില്ല.

സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിച്ചു, റോഡ് ഗതാഗതവും ട്രെയിന്‍ സര്‍വീസുകളും സംസ്ഥാനത്ത് പതിവുപോലെ നടന്നു. ഗുജറാത്തിലും സ്ഥിതി സമാനമായിരുന്നു. സംസ്ഥാനത്ത് മിക്ക സേവനങ്ങളും വാണിജ്യ സ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിച്ചു.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും പണിമുടക്കിനോട് കാര്യമായ പ്രതികരണമുണ്ടായില്ല. സര്‍ക്കാര്‍, സ്വകാര്യ വാഹനങ്ങള്‍ പതിവു പോലെ നിരത്തുകളില്‍ ഓടി. സര്‍ക്കാര്‍ ഓഫീസുകളെയും സ്വകാര്യ സ്ഥാപനങ്ങളെയും പണിമുടക്ക് ബാധിച്ചില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.