കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നു വീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ അഞ്ച് തൊഴിലാളികളാണ് സ്ലാബിനുള്ളില്‍ കുടുങ്ങിയത്. ഇവരെ അഗ്‌നിശമന സേന പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.
ലോഡിങ് തൊഴിലാളികളായ ജബ്ബാര്‍, അഷ്‌റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. തൊഴിലാളികളും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് സ്ലാബിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. സ്ലാബ് മുറിച്ചു മാറ്റിയശേഷമാണ് ഒരാളെ പുറത്തെടുക്കാനായത്.
പാസ്പോര്‍ട്ട് ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ സണ്‍ഷെയ്ഡിലെ കൂറ്റന്‍ സ്ലാബാണ് തകര്‍ന്നു വീണത്. കെട്ടിടം ഇപ്പോള്‍ തൊട്ടടുത്തുള്ള സ്ഥാപനത്തിന്റെ ഗോഡൗണായി ഉപയോഗിക്കുകയാണ്. ഈ ഗോഡൗണിലേക്ക് സാധനങ്ങള്‍ ഇറക്കിയ ശേഷം തൊഴിലാളികള്‍ ഷട്ടറിനോട് ചേര്‍ന്നുള്ള തറയിലിരുന്ന് വിശ്രമിക്കുന്നതിനിടെയാണ് സ്ലാബ് തകര്‍ന്നു വീണത്.
സംഘത്തിലുണ്ടായിരുന്ന രണ്ട് പേര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. സ്ലാബ് തകര്‍ന്നു വീഴുന്നതു കണ്ട് ഇവര്‍ ഓടി മാറുകയായിരുന്നു. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്.
ഒട്ടനവധി ഇരുചക്രവാഹനങ്ങളും തകര്‍ന്ന സ്ലാബുകള്‍ക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ട്. കാലപ്പഴക്കമാണ് അപകടത്തിന് കാരണം. കെട്ടിടം ഒഴിയണമെന്ന് കാണിച്ച് കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയെങ്കിലും ചില വ്യാപാരികള്‍ അത് അവഗണിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കെട്ടിടം ഒഴിപ്പിക്കാന്‍ കോര്‍പറേഷന്‍ നടപടിയെടുത്തില്ലെന്നും ആരോപണം ഉയരുന്നുണ്ട്. അപകട മുന്നറിയിപ്പ് ബോര്‍ഡുപോലും സ്ഥാപിച്ചിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.