പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഇസ്രയേലിൽ; പ്രതിരോധ സഹകരണം ശക്തമാക്കും

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഇസ്രയേലിൽ; പ്രതിരോധ സഹകരണം ശക്തമാക്കും

ന്യൂഡൽഹി: പ്രതിരോധ-നയതന്ത്ര മേഖലകളിൽ നിർണായക വഴിത്തിരിവ് ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഇസ്രയേലിലേക്ക് തിരിക്കും. ഒമ്പത് വർഷത്തിനിടയിലെ പ്രധാനമന്ത്രിയുടെ രണ്ടാമത്തെ സന്ദർശനമാണിത്. സൈനിക, വ്യാപാര മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുന്ന നിരവധി കരാറുകളിൽ സന്ദർശനവേളയിൽ ഒപ്പുവെക്കും.

ഇസ്രയേൽ സേനയുടെ അഭിമാനമായ അയേൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്ന കാര്യത്തിൽ ഈ സന്ദർശനത്തിൽ ധാരണയായേക്കും. ദീർഘദൂര മിസൈലുകളെ തകർക്കുന്ന ആരോ, മധ്യദൂര മിസൈൽ പ്രതിരോധത്തിനുള്ള ഡേവിഡ്‌സ് സ്ലിങ് എന്നീ അത്യാധുനിക ആയുധങ്ങളും ഇന്ത്യയുടെ പരിഗണനയിലുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള സാങ്കേതിക വിദ്യകളിലും സഹകരണം ഉറപ്പാക്കും.

മോഡിക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉജ്ജ്വല സ്വീകരണം നൽകും. ഇന്ത്യൻ സമയം രാത്രി എട്ടിന് ഇസ്രയേൽ പാർലമെന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. എന്നാൽ നെതന്യാഹുവിനോടുള്ള രാഷ്ട്രീയ ഭിന്നതയെത്തുടർന്ന് ഇസ്രയേലിലെ പ്രതിപക്ഷം മോഡിയുടെ പ്രസംഗം ബഹിഷ്കരിച്ചേക്കുമെന്ന സൂചനയുണ്ട്.

നെതന്യാഹുവിനൊപ്പം ജറുസലേമിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ജൂത വംശഹത്യയുടെ സ്മരണകൾ ഉറങ്ങുന്ന ഹോളോകാസ്റ്റ് സ്മാരകമായ 'യാദ് വാഷെം' സന്ദർശിക്കും. നാളെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ഉഭയകക്ഷി ചർച്ചകൾ നടക്കുക.

മോഡിയുടേത് ഒരു ചരിത്ര സന്ദർശനമാണെന്ന് വിശേഷിപ്പിച്ച ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള പങ്കാളിത്തം പ്രാദേശിക സഹകരണത്തിന്റെ പുതിയ തലങ്ങളിലേക്ക് വളരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.