ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടി എട്ടാംക്ലാസ് പാഠ പുസ്തകത്തിലെ ജുഡീഷ്യറിയെ സംബന്ധിച്ചുള്ള പാഠ ഭാഗം സുപ്രീം കോടതി നിരോധിച്ചു. ഒരു രീതിയിലും ഈ ഭാഗങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ലെന്നും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. പ്രിന്റ് കോപ്പികള്‍ പിടിച്ചെടുക്കാനും നിര്‍ദേശം നല്‍കി.
സംഭവത്തില്‍ കടുത്ത നടപടിയുമായി മുന്നോട്ടു പോകാനാണ് സുപ്രീം കോടതിയുടെ തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയ്ക്കടക്കം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ജുഡീഷ്യറിയുടെ അന്തസ് താഴ്ത്തി ക്കെട്ടാന്‍ വലിയ ഗൂഢാലോചയുണ്ടെന്നും ഉത്തരവാദികളുടെ തലകള്‍ ഉരുളുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞു. സംഭവത്തില്‍ നിരുപരാധികം മാപ്പ് പറയുന്നുവെന്ന് കേന്ദ്രം അറിയിച്ചു. വിവാദമായ പാഠ ഭാഗം തയാറാക്കിയ രണ്ട് പേരെ ഇനി ഒരു ഉത്തരവാദിത്വവും ഏല്‍പിക്കിലെന്നും കേന്ദ്രം വ്യക്തമാക്കി.
ജുഡീഷ്യറിയെ അപമാനിക്കാനുള്ള നീക്കം കണക്ക് കൂട്ടിയുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസുകള്‍ കെട്ടി കിടക്കുന്നതിനെ കുറിച്ച് പറയുന്നു. എന്നാല്‍ എത്ര കേസുകള്‍ വേഗത്തില്‍ തീര്‍ക്കുന്നു. അതൊന്നും പറയാതെയാണ് പാഠ ഭാഗം തയാറാക്കിയത്. ജൂഡീഷ്യറിക്ക് നേരെ വെടി ഉതിര്‍ക്കുകയും ജുഡീഷ്യറിയുടെ രക്തം ഒഴുക്കുകയുമാണ് ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
ഉത്തരവാദികളെ കണ്ടെത്തിയേ മതിയാകൂ എന്നും തലകള്‍ ഉരുണ്ടേ മതിയാകൂവെന്നും കോടതി പറഞ്ഞു. ജൂഡീഷ്യറി മൗലികാവകാശങ്ങളുടെ സംരക്ഷകരാണ്. അഴിമതി നടത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ മാധ്യമങ്ങളാണ് പ്രശ്‌നം ഉണ്ടാക്കുന്നതെന്നാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.