തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഔദ്യോഗിക ഇമെയില്‍ സന്ദേശത്തോടൊപ്പമുള്ള കത്തില്‍ ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിഞ്ഞതില്‍ പിഴവ് സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭവിച്ചത് തികച്ചും സാങ്കേതികമായ ക്ലെറിക്കല്‍ പിശക് മാത്രമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച 2019 ലെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തത തേടി ബിജെപി സംസ്ഥാന ഘടകം സിഇഒ ഓഫീസിനെ സമീപിച്ചിരുന്നു. ഇതിനായി അവര്‍ സമര്‍പ്പിച്ച അപേക്ഷയ്ക്കൊപ്പം വെച്ചിരുന്ന 2019 ലെ കത്തിന്റെ പകര്‍പ്പിലാണ് ബിജെപിയുടെ സീല്‍ ഉണ്ടായിരുന്നത്.
ബിജെപി നല്‍കിയ ഈ കത്ത് അശ്രദ്ധമൂലം മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അയച്ചു കൊടുക്കുകയാണുണ്ടായത്. എന്നാല്‍ മാര്‍ച്ച് 21 ന് തന്നെ ഈ പിശക് ശ്രദ്ധയില്‍പ്പെട്ടതായും ഉടന്‍ തന്നെ ആ നിര്‍ദേശം പിന്‍വലിച്ച് എല്ലാ പാര്‍ട്ടികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും അറിയിപ്പ് നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു.
കത്ത് പുറത്തു വിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് സിപിഎം ആരോപിച്ചിരുന്നു. 'ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്' എന്ന ചോദ്യത്തോടെ എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിപിഎം ആരോപണം ഉന്നയിച്ചത്.
ദേശീയതലത്തില്‍ തന്നെ കമ്മീഷനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഈ സംഭവമെന്നും സിപിഎം കുറ്റപ്പെടുത്തി. ക്ലെറിക്കല്‍ പിഴവ് ഉയര്‍ത്തിക്കാട്ടി തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പുറത്തു നിന്നുള്ള മറ്റൊരു ശക്തിക്കും ഇടപെടാന്‍ സാധിക്കാത്ത വിധം പഴുതടച്ച സംവിധാനമാണ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ളതെന്നും ഡോ. രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.