വ്യക്തി താല്‍പര്യമോ സ്വയം പ്രഖ്യാപിത ലിംഗ സ്വത്വമോ അംഗീകരിക്കില്ല; ട്രാന്‍സ്ജെന്‍ഡര്‍ ബില്‍ പാസാക്കി ലോക്സഭ

വ്യക്തി താല്‍പര്യമോ സ്വയം പ്രഖ്യാപിത ലിംഗ സ്വത്വമോ അംഗീകരിക്കില്ല; ട്രാന്‍സ്ജെന്‍ഡര്‍ ബില്‍ പാസാക്കി ലോക്സഭ

ന്യൂഡല്‍ഹി: ട്രാന്‍സ്ജെന്‍ഡര്‍ ബില്‍ പാസാക്കി ലോക്സഭ. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. ജനിതിക, ശാരീരിക വ്യത്യാസങ്ങള്‍ മാത്രമുള്ളവരെ ഉള്‍പ്പെടുത്തിയാണ് ബില്‍ പാസാക്കിയത്.

കേന്ദ്ര സാമൂഹ്യനീതി മന്ത്രി ഡോ. വിരേന്ദ്ര കുമാര്‍ ആണ് ട്രാന്‍സ്ജെന്‍ഡര്‍ പേഴ്സണ്‍സ് ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് കൃത്യമായ സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കാനാണ് ഭേദഗതി എന്ന് കേന്ദ്രമന്ത്രി വീരേന്ദ്ര കുമാര്‍ പറഞ്ഞു.

കിന്നര്‍, ഹിജ്ഡ, അരവാണി, ജോഗ്ത തുടങ്ങിയ സാമൂഹിക-സാംസ്‌കാരിക സ്വത്വമുള്ളവരെയോ അന്തര്‍ലിംഗ വ്യതിയാനങ്ങള്‍ ഉള്ളവരെയോ മാത്രമേ ഇനി ട്രാന്‍സ്‌ജെന്‍ഡര്‍ ആയി കണക്കാക്കൂ. വ്യക്തിപരമായ താല്‍പര്യമോ സ്വയം പ്രഖ്യാപിത ലിംഗ സ്വത്വമോ ഇതിനായി അംഗീകരിക്കില്ല. ട്രാന്‍സ്ജെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റാന്‍ ബില്ലില്‍ അനുമതി നല്‍കുന്നുണ്ട്.

ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശയോടെ ജില്ലാ മജിസ്ട്രേറ്റ് ആകും ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വം അംഗീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുക. മാത്രമല്ല ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ തീവ്രത അനുസരിച്ച് കഠിനമായ ശിക്ഷകളും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

അതേസമയം സ്വയം ലിംഗ പദവി നിര്‍ണയിക്കാനുള്ള അവകാശം ബില്ല് തകര്‍ക്കുന്നുവെന്നും ഇത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ല് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.