ഉപഭോക്തൃ സംസ്കാരം പുതിയ ആഗ്രഹങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കും; യഥാർത്ഥ നിധി ദൈവവുമായുള്ള ബന്ധം: ഞായറാഴ്ച സന്ദേശത്തിൽ മാർപാപ്പ

ഉപഭോക്തൃ സംസ്കാരം പുതിയ ആഗ്രഹങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കും; യഥാർത്ഥ നിധി ദൈവവുമായുള്ള ബന്ധം: ഞായറാഴ്ച സന്ദേശത്തിൽ മാർപാപ്പ

റോം: ജീവിതപരിവർത്തനത്തിന് കാരണമാകുന്ന നിധിയാണ് ദൈവരാജ്യമെന്നും യഥാർത്ഥത്തിൽ പ്രധാനപ്പെട്ടത് എന്താണെന്ന് തിരിച്ചറിയണമെന്നും വിശ്വാസികളെ ഉദ്ബോധിപ്പിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. വേനൽകാല വിശ്രമ വസതിയായ കാസൽ ഗാൻഡോൾഫോയിൽ ത്രികാലജപ പ്രാർഥന നയിച്ച് സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.

മറഞ്ഞിരിക്കുന്ന നിധിയുടെയും വിലയേറിയ രത്നത്തിന്റെയും ഉപമകൾ (മത്തായി 13: 44-52) വിശദീകരിച്ചുകൊണ്ടാണ് പാപ്പാ ഈയാഴ്ച ധ്യാനചിന്തകൾ പങ്കുവച്ചത്. ദൈവരാജ്യം കൊണ്ടുവരുന്ന ആനന്ദം അത്രയധികമായതിനാൽ, അതിനുവേണ്ടി മറ്റുള്ളതെല്ലാം ഉപേക്ഷിക്കുന്നവന് അത് ഒരിക്കലും നഷ്ടമായല്ല, ലാഭമായാണ് അനുഭവപ്പെടുന്നത്.

ദൈവരാജ്യം കണ്ടെത്തുന്നവന്റെ ജീവിതത്തെ അത് പരിമിതപ്പെടുത്തുകയല്ല മറിച്ച് വിശാലമാക്കുകയാണ് ചെയ്യുന്നത്. അതിനാൽ നമ്മിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചാൽത്തന്നെ അത് നമ്മുടെ ജീവിതത്തിൽ വലിയ സാധ്യതകൾ തുറക്കപ്പെടാൻ വേണ്ടി മാത്രമാണ് - പാപ്പാ പറഞ്ഞു.

കർഷകർ, വ്യാപാരികൾ, മത്സ്യത്തൊഴിലാളികൾ, അപ്പം ഉണ്ടാക്കുന്ന സ്ത്രീകൾ, ആട്ടിടയർ തുടങ്ങിയ സാധാരണക്കാരായ മനുഷ്യരുടെ ജീവിതങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങളിലൂടെയാണ് യേശു ദൈവരാജ്യത്തിന്റെ മനോഹാരിത വെളിപ്പെടുത്തുന്നതെന്ന് ലിയോ പാപ്പാ ചൂണ്ടിക്കാട്ടി.

വ്യത്യസ്തമായ സാഹചര്യങ്ങളിൽ ദൈവരാജ്യം കണ്ടെത്താൻ കഴിയുമെന്നും സ്ത്രീകളോ പുരുഷന്മാരോ, ചെറുപ്പകാരോ വൃദ്ധരോ, ധനികരോ ദരിദ്രരോ എന്ന വ്യത്യാസമില്ലാതെ എല്ലാവരും ആഴമായ നവീകരണത്തിലേക്ക് ക്ഷണിക്കപ്പെട്ടവരാണെന്നും ഈ ഉദാഹരണങ്ങളിലൂടെ യേശു നമുക്ക് കാണിച്ചുതരുന്നു.

ക്രിസ്തുവിൽ ഒന്നായിത്തീരുന്ന സഭ

ഇന്നത്തെ സഭ ഈ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നു. വിവിധ വംശങ്ങളിലും സംസ്കാരങ്ങളിലും നിന്നുള്ളവരുടെയും പലവിധ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരുടെയും കൂട്ടായ്മയാണ് സഭ. എല്ലാവരും യേശുക്രിസ്തുവിലുള്ള ഈ ഐക്യം തിരിച്ചറിയാൻ വിളിക്കപ്പെട്ടവരാണ്. യേശുവാണ് മറഞ്ഞിരിക്കുന്ന നിധിയും വിലയേറിയ രത്നവും ചിതറിപ്പോയതിനെ ശേഖരിക്കുന്ന വലയും - പാപ്പാ വ്യക്തമാക്കി.

ആദിമുതൽ, ഒരിക്കലും കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത ആളുകളെ യേശു തനിക്കുചുറ്റും ഒരുമിച്ചുകൂട്ടി. ദൈവം പക്ഷപാതം കാണിക്കുന്നില്ലെന്നും ചെറിയവരുടെയും അവഗണിക്കപ്പെട്ടവരുടെയും നേർക്ക് അവിടത്തേക്ക് പ്രത്യേക സ്നേഹം ഉണ്ടെന്നുമാണ് ഇത് കാണിക്കുന്നത്.

യഥാർത്ഥത്തിൽ പ്രാധാന്യമുള്ളത് തിരിച്ചറിയുക

യുവരാജാവായ സോളമൻ തേടിയതുപോലെ, യഥാർത്ഥത്തിൽ വിലപ്പെട്ടതിനെ തിരിച്ചറിയാനുള്ള ജ്ഞാനത്തിനുവേണ്ടി പ്രാർഥിക്കാൻ മാർപാപ്പ വിശ്വാസികളോട് ആവശ്യപ്പെട്ടു. ഉപഭോക്തൃ സംസ്കാരം എപ്പോഴും പുതിയ ആഗ്രഹങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കും. അത് ശാശ്വതമായ സംതൃപ്തി നൽകാത്തതും എന്നാൽ മനുഷ്യഹൃദയത്തെ ദോഷകരമായി ബാധിക്കുന്ന പരിഹാരങ്ങൾ നൽകുന്നവയുമാണ് - പരിശുദ്ധ പിതാവ് മുന്നറിയിപ്പു നൽകി.

ദൈവവുമായുള്ള നമ്മുടെ ബന്ധമാണ് യഥാർത്ഥ നിധി. അത് നമ്മെ സന്തോഷത്തിലേക്ക് നയിക്കുകയും പരസ്പരം മെച്ചപ്പെട്ട ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ നമ്മെ സഹായിക്കുകയും ചെയ്യും. ക്രൈസ്തവരായ നാം ഈ കാര്യം തിരിച്ചറിയണമെന്ന് പാപ്പാ പറഞ്ഞു.

ബോധജ്ഞാനത്തിൻ്റെ സിംഹാസനമായ പരിശുദ്ധ കന്യകാമറിയം നമ്മുടെ ജീവിതാഭിലാഷങ്ങൾ യേശുവിലേക്കു നയിക്കാനും അങ്ങനെ അവ പൂർണതയിൽ സാക്ഷാത്കരിക്കപ്പെടാനും നമ്മെ സഹായിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ലിയോ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പമാരു‌ടെ ഇതുവരെയുള്ള സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.