കൊൽക്കത്ത: വിശുദ്ധ മദർ തെരേസയുടെ പേരും ചിത്രവും വചനങ്ങളും ദുരുപയോഗം ചെയ്ത് ധനസമാഹരണവും പ്രചാരണവും നടത്തുന്ന സംഘടനകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മിഷണറീസ് ഓഫ് ചാരിറ്റി. സഭയുടെ അനുമതിയില്ലാതെ മദറിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നതും ആഡംബര ചടങ്ങുകൾ സംഘടിപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സഭയുടെ ഈ അസാധാരണ നീക്കം.
മദർ തെരേസയുടെ പേരും രൂപവും ഉപയോഗിച്ച് നിരവധി സംഘടനകൾ വെബ്‌സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഫണ്ട് ശേഖരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മിഷണറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി ജോസഫ് പ്രസ്താവനയിൽ പറഞ്ഞു. മദറിന്റെ പേരിൽ ആഡംബര ഹോട്ടലുകളിൽ പുരസ്കാര ചടങ്ങുകൾ സംഘടിപ്പിക്കുന്നത് അവർ ജീവിതകാലമത്രയും ഉയർത്തിപ്പിടിച്ച ലാളിത്യം, ദാരിദ്ര്യം, വിനയം എന്നീ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും സഭ ചൂണ്ടിക്കാട്ടുന്നു.
മദർ തെരേസയുടെ വിൽപത്രം അനുസരിച്ച് അവരുടെ പേരും ചിത്രങ്ങളും ഉപയോഗിക്കാനുള്ള പൂർണാവകാശം സഭയുടെ പിൻഗാമികൾക്കാണ്. മദർ തന്റെ ജീവിതത്തിൽ ഒരിക്കൽ പോലും പണപ്പിരിവ് നടത്തിയിട്ടില്ലെന്നും ആരെങ്കിലും അവരുടെ പേര് അത്തരത്തിൽ ഉപയോഗിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും കൊൽക്കത്ത മുൻ ആർച്ച് ബിഷപ്പ് തോമസ് ഡിസൂസ വ്യക്തമാക്കി.
76 വർഷത്തെ പ്രവർത്തന ചരിത്രത്തിനിടയിൽ ആദ്യമായാണ് മിഷണറീസ് ഓഫ് ചാരിറ്റി ഇത്തരമൊരു നിയമനടപടിക്ക് ഒരുങ്ങുന്നത്. സഭയുടെ അനുമതിയില്ലാതെ മദറിന്റെ പേരോ ചിത്രമോ ഉപയോഗിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്നാണ് സംഘടനകൾക്ക് നൽകിയിട്ടുള്ള കർശന നിർദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.