സാധാരണ ബോംബുകള്‍ പോലും ഇനി സ്മാര്‍ട്ട് ആകും; 'അദിതി' പദ്ധതിയുമായി ഇന്ത്യന്‍ വ്യോമസേന

സാധാരണ ബോംബുകള്‍ പോലും ഇനി സ്മാര്‍ട്ട് ആകും; 'അദിതി' പദ്ധതിയുമായി ഇന്ത്യന്‍ വ്യോമസേന

ന്യൂഡല്‍ഹി: സാധാരണ ബോംബുകളെ അത്യാധുനിക സ്മാര്‍ട്ട് ആയുധങ്ങളാക്കി മാറ്റാനുള്ള വന്‍ പദ്ധതിയുമായി ഇന്ത്യന്‍ വ്യോമസേന. 450 കിലോ ഭാരമുള്ള ഹൈ സ്പീഡ് ലോ ഡ്രാഗ് (HSLD) ബോംബുകളെയാണ് ജെറ്റ് കരുത്തുള്ള ദീര്‍ഘദൂര പ്രിസിഷന്‍ ആയുധങ്ങളായി മാറ്റാന്‍ ഒരുങ്ങുന്നത്. 'അദിതി' (ADITI) എന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.

നിലവിലുള്ള ബോംബുകളില്‍ ബൂസ്റ്റര്‍ ഘടിപ്പിച്ച പ്രത്യേക റേഞ്ച് എക്സ്റ്റന്‍ഷന്‍ കിറ്റുകള്‍ ഘടിപ്പിക്കും. ഇതോടെ അഞ്ച് കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് തൊടുക്കുന്ന ബോംബുകള്‍ക്ക് 200 കിലോമീറ്ററിലധികം ദൂരപരിധി ലഭിക്കും. ഇത് മാത്രമല്ല ബോംബുകള്‍ക്ക് കൃത്യതയാര്‍ന്ന ആക്രമണം നടത്താന്‍ പ്രത്യേക ഗതിനിര്‍ണയ സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും. ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് അരികിലേക്ക് വിമാനങ്ങള്‍ പറത്താതെ തന്നെ ദൂരത്ത് നിന്ന് ആക്രമണം നടത്താന്‍ പുതിയ നീക്കം സഹായിക്കും. ഇത് ദൗത്യങ്ങളിലെ അപകട സാധ്യത കുറയ്ക്കുകയും പൈലറ്റുമാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.

ഇലക്ട്രോ-ഒപ്റ്റിക്കല്‍, ഇന്‍ഫ്രാറെഡ് ടെര്‍മിനല്‍ ഗൈഡന്‍സ് സംവിധാനമാകും ഈ ബോംബുകളില്‍ ഉള്‍പ്പെടുത്തുക. ഇതുവഴി ലക്ഷ്യ സ്ഥാനങ്ങള്‍ കൃത്യമായി തിരിച്ചറിയാന്‍ ഇവയ്ക്ക് സാധിക്കും. ലക്ഷ്യസ്ഥാനത്ത് നിന്നുള്ള വ്യതിയാനം അഞ്ച് മീറ്ററില്‍ താഴെ മാത്രമായി കുറയുകയും ചെയ്യും. ഇത് കൃത്യമായി ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ വ്യോമസേനയെ സഹായിക്കും. സിഗ്നലുകള്‍ ജാം ചെയ്യപ്പെടുന്ന സാഹചര്യങ്ങളിലും 'സീന്‍ മാച്ചിങ്' സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇവ ലക്ഷ്യ സ്ഥാനം കണ്ടെത്തും.

കൂടാതെ പുതിയ ആയുധങ്ങള്‍ വലിയ വിലകൊടുത്ത് വാങ്ങുന്നതിന് പകരം നിലവിലുള്ള ബോംബുകളെ നവീകരിക്കുന്നത് വഴി പ്രതിരോധ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. ഈ പദ്ധതിയില്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും പങ്കുചേരാമെന്ന് വ്യോമസേന അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.