നിയമസഭാ തിരഞ്ഞെടുപ്പ്: അന്‍വറിന് ഗ്യാസ് സിലിണ്ടര്‍, ജി. സുധാകരന് തെങ്ങിന്‍ തോട്ടം; സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു

നിയമസഭാ തിരഞ്ഞെടുപ്പ്: അന്‍വറിന് ഗ്യാസ് സിലിണ്ടര്‍, ജി. സുധാകരന് തെങ്ങിന്‍ തോട്ടം; സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു. പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് സ്ഥാനാര്‍ഥികളുടെ പട്ടികയായത്. സംസ്ഥാനത്തെ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിലായി 890 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും മത്സരചിത്രം തെളിഞ്ഞതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനി പ്രചാരണ പരിപാടികള്‍ കൂടുതല്‍ സജീവമാക്കും. തിരുവനന്തപുരം, പേരാവൂര്‍ മണ്ഡലങ്ങളിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. രണ്ടിടത്തും 11 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മൂന്നുമുന്നണികള്‍ മാത്രം മത്സരിക്കുന്ന മാനന്തവാടിയാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികളുള്ള മണ്ഡലം.

ഇന്നലെ സൂഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ ആകെ 985 സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം കഴിഞ്ഞപ്പോഴേക്കും സ്ഥാനാര്‍ഥികളുടെ എണ്ണം 890 ആയി കുറഞ്ഞു. പ്രമുഖ മുന്നണികളുടെ സ്ഥാനാര്‍ഥികളുടെയെല്ലാം പത്രികകള്‍ സ്വീകരിക്കപ്പെട്ടതോടെ ഡമ്മി സ്ഥാനാര്‍ഥികള്‍ പത്രികകള്‍ പിന്‍വലിച്ചിരുന്നു. ഇതിനൊപ്പം ചില സ്വതന്ത്രരും മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ഥിയും പത്രിക പിന്‍വലിച്ചു.

സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ ചിഹ്നത്തിലും തീരുമാനമായി. എലത്തൂരില്‍ മത്സരിക്കുന്ന എ.കെ ശശീന്ദ്രന് ഇത്തവണ ക്ലോക്ക് ചിഹ്നം ലഭിച്ചില്ല. എന്‍സിപി അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെയാണ് ശശീന്ദ്രന് ക്ലോക്ക് നഷ്ടമായത്. കഴിഞ്ഞ മൂന്ന് തവണയും ശശീന്ദ്രന്‍ ജയിച്ചത് ക്ലോക്ക് ചിഹ്നത്തിലായിരുന്നു. ഇത്തവണ കൊമ്പുവിളിക്കുന്ന മനുഷ്യനാണ് ശശീന്ദ്രന്റെ ചിഹ്നം.

എല്‍ഡിഎഫ് സ്വതന്ത്രന്‍ സുധീര്‍ കരമനയ്ക്ക് ക്യാമറയാണ് അനുവദിച്ചത്. പാലക്കാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്രന്‍ എന്‍എംആര്‍ റസാഖിന് കുടം ചിഹ്നം നല്‍കി. ബേപ്പൂരില്‍ മത്സരിക്കുന്ന യുഡിഎഫ് സ്വതന്ത്രന്‍ പി.വി അന്‍വറിന് ഗ്യാസ് സിലിണ്ടറാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചത്. അതേസമയം അന്‍വറിനെതിരെ പത്രിക നല്‍കിയ അപരന്‍മാര്‍ പത്രിക പിന്‍വലിച്ചിട്ടില്ല. നാല് അപരന്‍മാരാണ് അന്‍വറിനെതിരെ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

അമ്പലപ്പുഴയില്‍ മത്സരിക്കുന്ന യുഡിഎഫ് സ്വതന്ത്രനായ ജി. സുധാകരന്റെ ചിഹ്നം തെങ്ങിന്‍ തോട്ടമാണ്. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായ തെങ്ങ് ഉള്‍പ്പെട്ട 'തെങ്ങിന്‍തോട്ടം' തിരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ജി. സുധാകരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കല്‍പ വൃക്ഷങ്ങള്‍ നിറഞ്ഞ ഒരു തോട്ടം പോലെ അമ്പലപ്പുഴയിലെ ഓരോ വീടിനും തണലേകുന്ന വികസനവും ഐക്യവുമാണ് ഈ ചിഹ്നം മുന്നോട്ടുവെക്കുന്നതെന്നും ജി. സുധാകരന്‍ കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ രമ മുമ്പ് മത്സരിച്ചിരുന്ന ഫുട്ബോള്‍ ചിഹ്നം അനുവദിച്ചില്ല. പകരം ടെലിവിഷനാണ് അനുവദിച്ചത്. ഇതില്‍ ആര്‍എംപി പ്രതിഷേധമറിയിച്ചു. രമയുടെ പേരില്‍ ഫുട്ബോള്‍ ചിഹ്നത്തില്‍ വോട്ട് അഭ്യര്‍ഥിക്കുന്ന പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ഇനി അത് മാറ്റി പുതിയത് വയ്ക്കേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.