ന്യൂഡല്‍ഹി: വാദങ്ങള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മിച്ച വ്യാജ വിധി ന്യായങ്ങള്‍ ഉദ്ധരിക്കുന്നത് വര്‍ധിക്കുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. ഇത്തരം തെറ്റായ വിവരങ്ങള്‍ നീതിന്യായ പ്രക്രിയയെ തടസപ്പെടുത്തുന്ന ഗുരുതരമായ പ്രവണതയാണെന്ന് ജസ്റ്റിസുമാരായ രാജേഷ് ബിന്ദല്‍, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലിരുന്ന ഒരു കേസിലെ വാദങ്ങളാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ചാറ്റ് ജിപിടി പോലുള്ള എഐ ടൂളുകള്‍ ഉപയോഗിച്ച് തയാറാക്കിയ വാദമുഖങ്ങളില്‍, യഥാര്‍ത്ഥത്തില്‍ നിയമ പുസ്തകങ്ങളില്‍ ഇല്ലാത്ത ഒരു കേസിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.
'ജ്യോതി വേഴ്‌സസ് എലിഗന്റ് അസോസിയേറ്റ്‌സ്' എന്ന പേരില്‍ നല്‍കിയ ഈ വിധിന്യായം കണ്ടെത്താന്‍ കോടതി ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം പരിശ്രമിച്ചു. ഒടുവില്‍ ഇത്തരമൊരു കേസ് നിലവിലില്ലെന്ന് വ്യക്തമായതോടെ കോടതി സമയം പാഴാക്കിയതിന് അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
എഐ ഉപകരണങ്ങള്‍ ഗവേഷണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ അതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കൃത്യമാണോ എന്ന് പരിശോധിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്തം അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും ഉണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.
ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ കോടതികളില്‍ ഇത്തരം എഐ വിപത്ത് പടരുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഈ വിഷയത്തില്‍ കോടതി നേരത്തെ തന്നെ സ്വമേധയാ ഇടപെട്ടിട്ടുണ്ട്. നിയമ സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ വരും ദിവസങ്ങളില്‍ കര്‍ശനമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.