ഏലൂർ : അസമിലെ ദിബ്രുഗഡ് രൂപതയിൽ ദീർഘകാലം മിഷനറി സേവനമനുഷ്ഠിച്ച മലയാളി വൈദികൻ ഫാ. ജോസഫ് മൂലനെ (91) ആന്ധ്രാപ്രദേശിലെ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. ദിബ്രുഗഡിൽ നിന്ന് എറണാകുളത്തേക്ക് വിവേക് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വൈദികനെ കാണാതായത്. ഇന്ന് രാവിലെ ഏലൂരിന് സമീപം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മാർച്ച് 24 ന് രാത്രി പത്തരയോടെ വിവേക് എക്സ്പ്രസ് ആന്ധ്രയിലെ രാജമുണ്ട്രി സ്റ്റേഷനിൽ എത്തിയപ്പോഴാണ് വൈദികനെ അവസാനമായി കണ്ടത്. പിന്നീട് സീറ്റിൽ കാണാതായതിനെത്തുടർന്ന് രൂപതയും ബന്ധുക്കളും പോലീസിൽ പരാതി നൽകുകയായിരുന്നു. ആർപിഎഫ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിനെത്തുടർന്ന് നടത്തിയ വ്യാപക തിരച്ചിലിലാണ് ഏലൂരിൽ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്. യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് അബദ്ധത്തിൽ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
1936 ജനുവരി ആറിന് എറണാകുളം ജില്ലയിലാണ് ഫാ. ജോസഫ് മൂലന്‍റെ ജനനം. 1964 ഏപ്രിൽ 23 ന് വൈദീകപട്ടം സ്വീകരിച്ചു. 1974 മുതൽ ദിബ്രുഗഡ് രൂപതയുടെ ഭാഗമായി അസമിലെ വിവിധ ഇടവകകളിൽ വികാരിയായും വിദ്യാഭ്യാസ മേഖലകളിലും സേവനമനുഷ്ഠിച്ചു. 2011 മുതൽ 2025 വരെ സെന്റ് ജോസഫ്‌സ് മൈനർ സെമിനാരിയിൽ കുമ്പസാരക്കാരനായും സെമിനാരി വിദ്യാർത്ഥികളുടെ ആത്മീയ വഴികാട്ടിയായും പ്രവർത്തിച്ചു വരികയായിരുന്നു.
"സൗമ്യമായ സാന്നിധ്യത്തിലൂടെയും തീക്ഷ്ണതയോടെയുള്ള പ്രവർത്തനത്തിലൂടെയും ദൈവജനത്തെ സേവിച്ച ആത്മീയ പിതാവായിരുന്നു ഫാ. ജോസഫ് മൂലൻ. അദേഹത്തിന്റെ വിയോഗം രൂപതയ്ക്ക് വലിയ നഷ്ടമാണ്."- ബിഷപ്പ് ആൽബർട്ട് ഹെംറോം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.