കല്ലോടി: വിശ്വാസികള്‍ക്ക് ആത്മീയ വിരുന്നൊരുക്കി 'ഗാഗുല്‍ത്താ 2K26' കാല്‍നട തീര്‍ത്ഥാടനം. പുണ്യ നോമ്പുകാലത്തിന്റെ അന്ത്യഘട്ടത്തില്‍ ക്രൂശിതന്റെ പീഡാനുഭവ സ്മരണകള്‍ നെഞ്ചേറ്റിയുള്ള തീര്‍ത്ഥാടനം കല്ലോടി ഫൊറോനയാണ് സംഘടിപ്പിച്ചത്.
മാര്‍ച്ച് 27 ന് (നാല്‍പതാം വെള്ളി) നടന്ന ഭക്തി നിര്‍ഭരമായ യാത്രയില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. ത്യാഗത്തിന്റെയും പ്രാര്‍ത്ഥനയുടെയും ചുവടുകളുമായി മാനന്തവാടി, കല്ലോടി സെന്റ് ജോര്‍ജ് ഫൊറോനാ ദേവാലയത്തില്‍ നിന്ന് ആരംഭിച്ച തീര്‍ത്ഥാടനം നാല് കിലോമീറ്റര്‍ നടന്ന് ദീപ്തിഗിരി സെന്റ് തോമസ് ദേവാലയത്തിലാണ് സമാപിച്ചത്.

വൈകുന്നേരം 5:30 ന് കല്ലോടി പള്ളിയിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് തീര്‍ത്ഥാടക സംഘം യാത്ര തുടങ്ങിയത്. ലോക രക്ഷകന്റെ കുരിശ് യാത്രയെ അനുസ്മരിച്ച് ഓരോ ചുവടിലും പ്രാര്‍ത്ഥനകള്‍ ഉരുവിട്ടുകൊണ്ട് നീങ്ങിയ പ്രയാണം, വിശ്വാസികള്‍ക്ക് വ്യക്തിപരമായ വിശുദ്ധീകരണത്തിനുള്ള വേദിയായി മാറി.

സമാപന ചടങ്ങില്‍ വികാരി ജനറല്‍ പോള്‍ മുണ്ടോളിക്കല്‍ സമാപന ആശീര്‍വാദം നല്‍കി. ഫൊറോന വികാരി ഫാ. സജി കോട്ടയില്‍, ഫൊറോനയിലെ മറ്റ് വൈദികര്‍ എന്നിവര്‍ ഈ ആത്മീയ യാത്രയ്ക്ക് നേതൃത്വം നല്‍കി. വ്രത ശുദ്ധിയുടെ നിറവില്‍ നടന്ന ഈ സംഗമം കല്ലോടിയിലെ വിശ്വാസ സമൂഹത്തിന് പുതിയൊരു ആത്മീയ ഉണര്‍വാണ് നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.