എഫ്.സി.ആര്‍.എ നിയമ ഭേദഗതി സന്നദ്ധ സംഘടനകളെയും ന്യുനപക്ഷങ്ങളെയും തകര്‍ക്കാന്‍: മാര്‍ തോമസ് തറയില്‍

എഫ്.സി.ആര്‍.എ നിയമ ഭേദഗതി സന്നദ്ധ സംഘടനകളെയും ന്യുനപക്ഷങ്ങളെയും തകര്‍ക്കാന്‍: മാര്‍ തോമസ് തറയില്‍

ചങ്ങനാശേരി: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ (എഫ്.സി.ആര്‍.എ) ഭേദഗതി ബില്‍-2026, എന്‍ജിഒകളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങളില്‍ കടിഞ്ഞാണിടാനുള്ള ദുരുദ്ദേശത്തോടെയാണെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ ആരോപിച്ചു. തിടുക്കത്തില്‍ നടപ്പിലാക്കുന്ന ഈ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും അദേഹം വ്യക്തമാക്കി.

ഈ ബില്ലിലെ ഏറ്റവും നിര്‍ണായകമായ മാറ്റം നിശ്ചിത അതോറിറ്റി (Designated Authority) എന്ന പുതിയ സംവിധാനമാണ്. ഒരു സംഘടനയുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കപ്പെടുകയോ, കാലാവധി കഴിയുകയോ, അല്ലെങ്കില്‍ സംഘടന സ്വയം ലൈസന്‍സ് ഉപേക്ഷിക്കുകയോ ചെയ്താല്‍ പ്രസ്തുത സംഘടന വിദേശ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍, വാഹനങ്ങള്‍, ഉപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആസ്തികളും ഏറ്റെടുക്കാന്‍ ഈ അതോറിറ്റിക്ക് അധികാരമുണ്ടാകും.

ലൈസന്‍സ് പുതുക്കാന്‍ വൈകിയാല്‍ പോലും ഒരു സംഘടനയുടെ കാലങ്ങളായുള്ള ആസ്തികള്‍ സര്‍ക്കാരിന് ഏറ്റെടുക്കാം എന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. ഇത് പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. വിദേശ ഫണ്ടും സ്വദേശി ഫണ്ടും ചേര്‍ത്ത് വാങ്ങിയ ആസ്തികള്‍ പോലും കൃത്യമായി വേര്‍തിരിക്കാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്.

സിവില്‍ കോടതിയുടെ അധികാരങ്ങളുള്ള അതോറിറ്റി നിലവില്‍ വരുന്നതോടെ എന്‍ജിഒകള്‍ക്ക് മേല്‍ സര്‍ക്കാരിന്റെ നിയന്ത്രണം അമിതമാകാന്‍ ഇടയാക്കും. ന്യൂനപക്ഷ സ്ഥാപനങ്ങളെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എന്‍ജിഒകളെയും ലക്ഷ്യം വെക്കാന്‍ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.

വിദേശ ഫണ്ടുകളുടെ വരവും ഉപയോഗവും കൃത്യമായി നിരീക്ഷിക്കപ്പെടണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ചെറിയ സാങ്കേതിക കാരണങ്ങളാല്‍ ലൈസന്‍സ് നഷ്ടപ്പെടുന്ന സംഘടനകളുടെ ആസ്തികള്‍ പോലും സര്‍ക്കാര്‍ കൈവശപ്പെടുത്തുന്നത് ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുമെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു.

പ്രതിപക്ഷ പാര്‍ട്ടികളും സി.ബി.സി.ഐ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളും ഇതിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.