യു.എസ്, ഇസ്രയേല്‍ കപ്പലുകള്‍ക്ക് വിലക്ക്; മറ്റ് രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ടോള്‍: ഹോര്‍മുസില്‍ പിടിമുറുക്കി ഇറാന്‍

യു.എസ്, ഇസ്രയേല്‍ കപ്പലുകള്‍ക്ക് വിലക്ക്; മറ്റ് രാജ്യങ്ങളുടെ  കപ്പലുകള്‍ക്ക് ടോള്‍: ഹോര്‍മുസില്‍ പിടിമുറുക്കി ഇറാന്‍

പുതിയ നീക്കത്തിന് ഇറാന്‍ പാര്‍ലമെന്റ് സുരക്ഷാ സമിതി അംഗീകാരം നല്‍കി.

ടെഹ്റാന്‍: ഇസ്രയേല്‍-അമേരിക്ക ആക്രമണത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതിയുമായി ഇറാന്‍ പാര്‍ലമെന്റ്. അമേരിക്കയുടെയും ഇസ്രയേലിന്റെയും കപ്പലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനും ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നു പോകുന്ന മറ്റ് രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനും ഇറാന്‍ പാര്‍ലമെന്റ് സുരക്ഷാ സമിതി അംഗീകാരം നല്‍കി.


ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ മറ്റ് രാജ്യങ്ങള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കുമെന്നാണ് സൂചന. ഭാവിയില്‍ തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരും. ഹോര്‍മുസ് കടലിടുക്കിന് മേലുള്ള പരമാധികാര നിയന്ത്രണം വീണ്ടും ഉറപ്പിക്കാനാണ് ഇറാന്‍ ഈ നീക്കത്തിലൂടെ ശ്രമിക്കുന്നത്.

ഇതിനെതിരെ അമേരിക്ക ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സമുദ്ര യാത്രകളിലെ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സൈനികമായ ഇടപെടലുകള്‍ നടത്തുമെന്നാണ് അവരുടെ മുന്നറിയിപ്പ്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ അമേരിക്ക ഉദ്ദേശിക്കുന്നതായി യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പ്രസ്താവിച്ചു.

'വിപണിയില്‍ ആവശ്യത്തിന് എണ്ണ വിതരണം നടക്കുന്നുണ്ട്. മാത്രമല്ല, നിലവില്‍ രാജ്യങ്ങള്‍ ഇറാന്‍ ഭരണകൂടവുമായി കരാറുകളില്‍ ഏര്‍പ്പെടുന്നതിനാല്‍ ദിവസേന കൂടുതല്‍ കപ്പലുകള്‍ ആ പാത വഴി കടന്നുപോകുന്നത് ഞങ്ങള്‍ കാണുന്നുണ്ട്.

അധികം വൈകാതെ അമേരിക്ക ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തിരിച്ചു പിടിക്കും. അവിടെ കപ്പലുകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ഉണ്ടാകും. അത് അമേരിക്കയുടെ ഭാഗത്തു നിന്നുള്ള സുരക്ഷാ അകമ്പടിയോടെയോ അല്ലെങ്കില്‍ വിവിധ രാജ്യങ്ങളുടെ സംയുക്ത സുരക്ഷാ അകമ്പടിയോടെയോ ആയിരിക്കും' - സ്‌കോട്ട് ബെസന്റ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.

കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കില്‍ ഇറാന്റെ എണ്ണക്കിണറുകളും ഇലക്ട്രിക് പ്ലാന്റുകളും ഖാര്‍ഗ് ഐലന്‍ഡും ഉള്‍പ്പെടെയുള്ള ഊര്‍ജ സ്രോതസുകള്‍ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.

'കാര്യങ്ങളില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. എന്നാല്‍, എന്തെങ്കിലും കാരണം പറഞ്ഞ് ഇറാന്‍ അധികം വൈകാതെ ഒരു കരാറില്‍ എത്താന്‍ തയ്യാറായില്ലെങ്കില്‍ മിക്കവാറും അത് ഉടന്‍ സംഭവിക്കും. കാര്യങ്ങള്‍ വഷളാകും. ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറന്നുനല്‍കണം.

അല്ലെങ്കില്‍ ഇറാനിലെ ഇപ്പോഴത്തെ 'മനോഹരമായ' താമസം അവസാനിപ്പിച്ച് ഞങ്ങള്‍ മടങ്ങും. ഇറാനിലെ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാര്‍ഗ് ഐലന്‍ഡും ബോംബു വെച്ച് തകര്‍ക്കും, അവിടം പൂര്‍ണമായും ഇല്ലാതാക്കിയ ശേഷമായിരിക്കും ഞങ്ങളുടെ മടക്കം' - ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.