ന്യൂഡല്‍ഹി: വിദേശ സംഭാവനാ നിയന്ത്രണ നിയമ (എഫ്.സി.ആര്‍.എ) ഭേദഗതി ബില്‍ ഇന്ന് വീണ്ടും ലോക്സഭയില്‍. ബില്ലിനെതിരെ വിവിധ ക്രൈസ്തവ സഭകള്‍ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. ക്രൈസ്തവ സഭകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള കേരളത്തിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ ബില്‍ പാസാക്കിയെടുക്കാനുള്ള കേന്ദ്ര നീക്കത്തെ രാഷ്ട്രീയമായി നേരിടാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
അതേസമയം ബില്‍ വിവാദം മറികടക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം രംഗത്തിറങ്ങി. മത സംഘടനകളെ ലക്ഷ്യമിട്ടുള്ളതല്ല ബില്ലെന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ചൊവ്വാഴ്ച ഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞത്. ബില്ലിനെതിരെ നടക്കുന്നത് തെറ്റായതും കെട്ടിച്ചമച്ചതുമായ പ്രചാരണമാണ്. രാജ്യ സുരക്ഷയ്ക്കും രാജ്യ താല്‍പര്യത്തിനുമെതിരേ വിദേശ ഫണ്ടുകള്‍ ഉപയോഗിക്കുന്നത് തടയാനാണ് ബില്‍ എന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
ഏതെങ്കിലും മത സംഘടനയെ ലക്ഷ്യമിട്ടല്ല. കേരളത്തിലെ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ബില്ലിനെതിരേ തെറ്റായ പ്രചാരണം അഴിച്ചുവിടുകയാണെന്നും കേന്ദ്രം കുറ്റപ്പെടുത്തി. ഇന്ത്യയിലേക്കുള്ള വിദേശ ഫണ്ടിങിന് വ്യക്തമായ ക്രമീകരണം വരുത്താന്‍ ഉദേശിച്ചുള്ളതാണ് ഭേദഗതിയെന്നും മന്ത്രി പറഞ്ഞു.
ക്രൈസ്തവ സഭകളുടെ പിന്തുണ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായതിനാല്‍ കേരളത്തിലെ യുഡിഎഫ്, എല്‍ഡിഎഫ് എംപിമാരില്‍ ഭൂരിപക്ഷവും ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ ക്രൈസ്തവ സഭകളുടെ പിന്തുണ ആര്‍ജിക്കാന്‍ സമീപ കാലത്തായി നടത്തിയ നീക്കത്തിന് ഗുണമുണ്ടാകുമെന്ന് ചിന്തിച്ച കേരളത്തിലെ ബിജെപി നേതൃത്വത്തെ ബില്‍ വിവാദം വെട്ടിലാക്കിയിരിക്കുകയാണ്. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നേരിടുന്ന അസമിലും എഫ്.സി.ആര്‍.ഐ ബില്‍ പ്രതിപക്ഷത്തിന്റെ പ്രചാരണ വിഷയമാണ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങളില്‍ നിന്ന് ബിജെപിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന വലിയ പിന്തുണയില്‍ പരിഭ്രാന്തരായാണ് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും തെറ്റായ പ്രചാരണം അഴിച്ചുവിടുന്നതെന്ന് മന്ത്രി റിജിജുവിന്റെ കുറ്റപ്പെടുത്തല്‍.
കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാബാവയും വിവിധ ബിഷപ്പുമാരും ചൊവ്വാഴ്ച ബില്ലിനെ പരസ്യമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. എഫ്.സി.ആര്‍.എ നിയമ ഭേദഗതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സി.ബി.സി.ഐ കത്തയിച്ചിരുന്നു. ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിശദ പരിശോധനയ്ക്കായി വിടണമെന്നും പരാതികള്‍ പരിഗണിച്ച് നടപടി വേണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതു സംബന്ധിച്ച് എല്ലാ എംപിമാര്‍ക്കും നിവേദനം നല്‍കിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി കേരളത്തിലെ എംപിമാര്‍ ഡല്‍ഹിയിലെത്തി വിഷയത്തില്‍ ഇടപെടണമെന്നാണ് സമിതിയുടെ നിലപാട്. ബില്‍ നിയമമായാല്‍ കോടതിയെ സമീപിക്കുമെന്നും സി.ബി.സി.ഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒട്ടേറെ അനീതികളുടെ തുടര്‍ച്ചയാണിതെന്നാണ് ക്രൈസ്തവ സഭകള്‍ വ്യക്തമാക്കുന്നത്. ഏത് ആവശ്യത്തിനാണോ ഫണ്ട് സ്വീകരിക്കുന്നത് അതിന് തന്നെ പണം ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പണം നല്‍കുന്നവര്‍ക്കും കേന്ദ്ര സര്‍ക്കാരിനും കര്‍ശന സംവിധാനങ്ങളുണ്ട്.
ഇത് ഇനിയും കര്‍ശനമാക്കുന്നതിനോടും സഭകള്‍ക്ക് ആക്ഷേപമില്ല. എന്നാല്‍ നിസാര കാരണങ്ങളുടെ പേരിലും ലൈസന്‍സ് റദ്ദാക്കാനും പുതുക്കാതിരിക്കാനും പുതിയ ഭേദഗതി പ്രകാരം കഴിയും. അതുവഴി സര്‍ക്കാര്‍ നിയോഗിക്കുന്ന അതോറിറ്റിക്ക് സ്വത്തുക്കള്‍ ഏറ്റെടുക്കാനും സാധിക്കും. ഏതെങ്കിലും ആവശ്യത്തിനെടുത്ത എഫ്.സി.ആര്‍.എ ലൈസന്‍സ് ആവശ്യം പൂര്‍ത്തിയായ ശേഷം സറണ്ടര്‍ ചെയ്താലും അതുവഴി ആര്‍ജിച്ച ആസ്തികള്‍ അതോറിറ്റിക്ക് ഏറ്റെടുക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.