രഞ്ജിത്ത് ഒളിവില്‍ പോകാന്‍ ശ്രമിച്ചു; അറസ്റ്റ് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍

രഞ്ജിത്ത് ഒളിവില്‍ പോകാന്‍ ശ്രമിച്ചു; അറസ്റ്റ് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതറിഞ്ഞ് സംവിധായകന്‍ രഞ്ജിത്ത് ഒളിവില്‍ പോകാന്‍ ശ്രമിച്ചുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. രണ്ടു ദിവസമായി രഞ്ജിത്തിനെ നിരീക്ഷിച്ചു വരികയായിരുന്നു.

കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യമായതിനെ തുടര്‍ന്നാണ് തുടര്‍ നടപടികളിലേക്ക് കടന്നത്. കൃത്യമായ തെളിവുകളോടെയാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

കേസെടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് തുടര്‍ നടപടിയുണ്ടായിരിക്കുന്നത്. പരാതി നല്‍കിയ യുവനടി ട്രോമ സ്റ്റേജിലായിരുന്നു. വളരെ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു.

പരാതി ലഭിച്ചയുടന്‍ തന്നെ വനിതാ ഉദ്യോഗസ്ഥരടങ്ങിയ പൊലീസ് സംഘത്തെ നിയോഗിച്ചു. അവര്‍ക്ക് മാനസികമായ കൗണ്‍സിലിങ് എല്ലാം നല്‍കിയ ശേഷമാണ് മൊഴി എടുക്കല്‍ അടക്കമുള്ള നടപടികള്‍ ചെയ്തത്. തൊഴിലിടത്ത് ഒരു സ്ത്രീക്കും ഇനി ഇതുപോലുള്ള അനുഭവം ഉണ്ടാകരുതെന്നും കമ്മീഷണര്‍ പറഞ്ഞു.

സെലിബ്രിറ്റി ആയ ആള്‍ക്കെതിരെയാണ് പരാതി എന്നതിനാല്‍ വളരെ വിശദമായ അന്വേഷണത്തിനു ശേഷമാണ് നടപടികളിലേക്ക് കടന്നത്. പരാതിയും നടപടികളും രഹസ്യമായി സൂക്ഷിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു.

ഷൂട്ടിങ് സെറ്റില്‍ നടന്ന സംഭവമാണ്. അന്ന് അവിടെയുണ്ടായിരുന്നവര്‍ക്ക് അറിവുള്ള കാര്യമാണ്. പരാതിക്കാരി കരഞ്ഞുകൊണ്ട് പുറത്തു വരികയും അവിടെയുള്ള ആളുകള്‍ നടിയെ സമാധാനപ്പെടുത്തി വിടുകയും ചെയ്തിട്ടുള്ളതാണെന്ന് കമ്മീഷണര്‍ പറഞ്ഞു.

രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. പരാതിക്കാരിയായ നടിയുടെ വ്യക്തി വിവരങ്ങളോ, തിരിച്ചറിയാനുതകുന്ന ഒന്നും തന്നെ മാധ്യമങ്ങള്‍ നല്‍കരുതെന്നും കൊച്ചി പൊലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ മൊഴിയെടുത്തപ്പോള്‍ പരാതി സത്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു വരുന്നു. രഞ്ജിത്തിനെ രക്ഷപ്പെടാന്‍ സഹായിച്ചവരെ പ്രതി ചേര്‍ക്കുന്നതും പരിശോധിച്ചു വരികയാണ്. ഉദയംപേരൂര്‍ പൊലീസ് ഇന്‍സ്പെക്ടറാണ് കേസ് അന്വേഷിക്കുന്നതെന്നും അന്വേഷണ മേല്‍നോട്ട ചുമതലയുള്ള കൊച്ചി ഡിസിപി അശ്വതി ജിജി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.