തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ വാഗ്ദാനങ്ങളുമായി എന്‍ഡിഎ പ്രകടന പത്രിക. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ആണ് പ്രകടന പത്രിക പുറത്തിറക്കിയത്.
പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ റീച്ചാര്‍ജ് ഉള്ള 'ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാര്‍ഡ്', എയിംസ്, തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ച് അതിവേഗ റെയില്‍ ശൃംഖല, കോഴിക്കോടും തിരുവനന്തപുരത്തും പുതിയ മെട്രോ സര്‍വീസുകള്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ സമയബന്ധിതമായ സിബിഐ അന്വേഷണം നടത്തി അഴിമതിക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. പാവപ്പെട്ട കുടുംബങ്ങളിലെ ഗൃഹനാഥകള്‍ക്കും, വിധവകള്‍ക്കും, 70 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രതിമാസം 3,000 രൂപ ക്ഷേമ പെന്‍ഷന്‍ വഴി നല്‍കുമെന്നും വാഗ്ദാനമുണ്ട്.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍:
1 പാവപ്പെട്ട കുടുംബങ്ങളിലെ വനിതകള്‍ക്ക് പ്രതിമാസം 2,500 രൂപ റീചാര്‍ജ് ഉള്ള ഒരു 'ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാര്‍ഡ്' നല്‍കും. ഇത് പലചരക്ക് സാധനങ്ങള്‍ വാങ്ങാനും മരുന്നുകള്‍ വാങ്ങാനും ഉപയോഗിക്കാം
2 പിന്തുണ ആവശ്യമുള്ള എല്ലാ വിളകള്‍ക്കും താങ്ങുവില (എംഎസ്പി) ഉറപ്പാക്കും.
3 തോട്ടം മേഖലയിലെ നിയമങ്ങളും വന നിയമങ്ങളും ഭേദഗതി ചെയ്ത് പ്ലാന്റേഷന്‍ ഭൂമികളില്‍ ഇടവിള കൃഷി നടത്തുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കും.
4. ആയുഷ്മാന്‍ ഭാരത് പദ്ധതി എല്ലാ മലയാളികള്‍ക്കും ലഭ്യമാക്കും.
5. ചികിത്സാ സൗകര്യങ്ങള്‍ക്കായി കേരളത്തിന്റെ ദീര്‍ഘകാല സ്വപ്നമായ എയിംസ് യാഥാര്‍ത്ഥ്യമാക്കും.
6. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ട് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ നല്‍കും. ഓണത്തിനും ക്രിസ്മസിനും ഓരോന്ന് വീതം ഇവ ലഭ്യമാക്കും.
7. ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റര്‍ കുടിവെള്ളം സൗജന്യമായി നല്‍കും.
8. പാവപ്പെട്ട കുടുംബങ്ങളിലെ ഗൃഹനാഥകള്‍ക്കും, വിധവകള്‍ക്കും, 70 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രതിമാസം 3,000 രൂപ ക്ഷേമ പെന്‍ഷന്‍ വഴി നല്‍കും.
9. തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ റെയില്‍ ശൃംഖല സ്ഥാപിക്കും.
10. കൊച്ചി മെട്രോയുടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കും. കൂടാതെ കോഴിക്കോടും തിരുവനന്തപുരത്തും പുതിയ മെട്രോ സര്‍വീസുകള്‍ ആരംഭിക്കും.
11. കേരളീയര്‍ക്ക് പുതിയ തൊഴില്‍ നല്‍കുന്ന സംരംഭങ്ങള്‍ക്ക്, നിയമനത്തിനും ഒരു ലക്ഷം രൂപ വരെ കുറഞ്ഞ പലിശയില്‍ ലോണ്‍ ലഭ്യമാക്കുന്ന 'എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം' നടപ്പിലാക്കും.
12. വിഴിഞ്ഞത്തെ ഒരു പ്രധാന വ്യവസായ കേന്ദ്രമായി വികസിപ്പിക്കും. ഇതിനായി ഷിപ്പ് റിപ്പയര്‍ ആന്‍ഡ് മറൈന്‍ എന്‍ജിനീയറിങ് ക്ലസ്റ്റര്‍, നേമം യാര്‍ഡ് മുതല്‍ വിഴിഞ്ഞം തുറമുഖം വരെ എലിവേറ്റഡ് ഡബിള്‍ റെയില്‍ പാത, തുറമുഖത്തിന് ചുറ്റും പ്രത്യേക വ്യാവസായിക ഇടനാഴി എന്നിവ സ്ഥാപിക്കും.
13. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഐച്ഛികമായി ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ലഭ്യമാക്കും.
14.ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ സമയബന്ധിതമായ സിബിഐ അന്വേഷണം നടത്തി അഴിമതിക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരും.
15. മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ - തമിഴ്‌നാടിന്റെ ജലാവകാശത്തെ ബാധിക്കാതെ, കേരളത്തിന്റെ സുരക്ഷയും തമിഴ്‌നാടിന്‍് ജലലഭ്യതയും ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരുമായും തമിഴ്‌നാട് സര്‍ക്കാരുമായും സഹകരിച്ച് പ്രവര്‍ത്തിക്കും.
16. ഓരോ കോര്‍പ്പറേഷനെയും നാടിന്റെ സാമ്പത്തിക വികസനത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഓരോന്നിനും പ്രത്യേകമായ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കും.
തിരുവനന്തപുരത്തെ ഐടി, ഇന്നൊവേഷന്‍ തലസ്ഥാനമാക്കും.
കൊല്ലത്ത് സമുദ്രോല്‍പ്പന്ന കയറ്റുമതിക്ക് മുന്‍ഗണന നല്‍കുന്ന അന്താരാഷ്ട്ര നിലവാരമുള്ള 'ബ്ലൂ ഇക്കണോമി' ക്ലസ്റ്റര്‍ സ്ഥാപിക്കും.
കൊച്ചിയെ ഇന്ത്യയുടെ കപ്പല്‍ നിര്‍മാണ തലസ്ഥാനമായി മാറ്റും.
തൃശൂരിനെ കേരളത്തിന്റെ സാംസ്‌കാരിക വിനോദ സഞ്ചാര തലസ്ഥാനമാക്കും.
കോഴിക്കോടിനെ ഹെല്‍ത്ത് കെയര്‍, മെഡിക്കല്‍ ഇന്നൊവേഷന്‍ ഹബാക്കും
കണ്ണൂരില്‍ ഡിഫന്‍സ് ഇന്നൊവേഷന്‍ ഹബ് സ്ഥാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.