ട്രംപ് മോഡിയെ നിയന്ത്രിക്കുന്ന പോലെ മോഡി പിണറായിയെ നിയന്ത്രിക്കുന്നു; സിപിഎം കോര്‍പ്പറേറ്റ് പാര്‍ട്ടി ആയി മാറി: രാഹുല്‍ ഗാന്ധി

ട്രംപ് മോഡിയെ നിയന്ത്രിക്കുന്ന പോലെ മോഡി പിണറായിയെ നിയന്ത്രിക്കുന്നു; സിപിഎം കോര്‍പ്പറേറ്റ് പാര്‍ട്ടി ആയി മാറി: രാഹുല്‍ ഗാന്ധി

കണ്ണൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നിയന്ത്രിക്കുന്ന പോലെയാണ് മോഡി കേരള മുഖ്യമന്ത്രി പിണറായി വിജയനെ നിയന്ത്രിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കണ്ണൂരില്‍ നടന്ന യുഡിഎഫ് പ്രചാരണ പരിപാടിയിലാണ് പിണറായി-മോഡി കൂട്ടുകെട്ടിനെതിരെ രാഹുല്‍ തുറന്നടിച്ചത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേസുകള്‍ എല്ലാം ഇല്ലാതാക്കുന്നത് മോഡിയാണ്. മോഡി പിണറായിയെയോ, പിണറായി മോഡിയെയോ വിമര്‍ശിക്കുന്നത് കേള്‍ക്കാന്‍ ഇല്ല. കേരളത്തില്‍ ഇടതുപക്ഷം ജയിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്.

ആദ്യമായാണ് കേരളത്തില്‍ ഇടതു പക്ഷവും ബിജെപിയും സഖ്യമായി നീങ്ങുന്നത്. യഥാര്‍ഥ ഇടതുപക്ഷ പാര്‍ട്ടിക്ക് എങ്ങിനെ ഇവരുമായി ചേര്‍ന്ന് പോകാന്‍ കഴിയുന്നു. ഇടതു പക്ഷം എന്നു പറയുന്നവര്‍ അതല്ലാതായി. സിപിഎം കോര്‍പ്പറേറ്റ് പാര്‍ട്ടി ആയി മാറിയെന്നും രാഹുല്‍ പറഞ്ഞു.

ബിജെപി പിണറായിയെ സഹായിക്കുന്നതിന് തെളിവുകളുണ്ട്. പ്രധാനമന്ത്രി കേരളത്തില്‍ വരുമ്പോള്‍ ശബരിമല വിഷയം മിണ്ടുന്നില്ല. സിപിഎം നേതാക്കള്‍ ശബരിമലയിലെ സ്വര്‍ണം കട്ടതിനെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. മാത്രമല്ല മുഖ്യമന്ത്രിക്കും മക്കള്‍ക്കും എതിരായ കേസുകളില്‍ കേന്ദ്രം അനുകൂല നിലപാട് തുടരുന്നു.

കേരളത്തില്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന് ബിജെപിക്ക് അറിയാം. സിപിഎമ്മിനെ നിയന്ത്രിക്കാന്‍ പറ്റുമെന്നും അവര്‍ക്ക് ബോധ്യമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

യുഡിഎഫ് നല്‍കുന്ന ഗ്യാരണ്ടി കേരളത്തിന്റെ സര്‍വതല സ്പര്‍ശിയാണ്. കേരളം വെറുപ്പിനെ അല്ല സ്‌നേഹത്തെ ആണ് തിരഞ്ഞെടുക്കുക. ശ്രീ നാരായണ ഗുരു നല്‍കിയതും അത്തരം സന്ദേശമാണ്. ബിജെപിയും സിപിഎമ്മും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു.

ആളുകളെ ഒന്നിച്ച് നിര്‍ത്തേണ്ട സമയം ആണിത്. ഇടത് പക്ഷം സൃഷ്ടിച്ച തൊഴിലില്ലായ്മക്ക് പരിഹാരം ഉണ്ടാക്കേണ്ടതുണ്ടെന്നും യുഡിഎഫിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.