വിമാന ഇന്ധനത്തിന്റെ കരുതല്‍ ശേഖരം കുറയുന്നു; ടിക്കറ്റ് നിരക്ക് വന്‍ തോതില്‍ കൂടാന്‍ സാധ്യത: ബദല്‍ മാര്‍ഗം തേടി കേന്ദ്രം

വിമാന ഇന്ധനത്തിന്റെ കരുതല്‍ ശേഖരം കുറയുന്നു; ടിക്കറ്റ് നിരക്ക് വന്‍ തോതില്‍ കൂടാന്‍ സാധ്യത: ബദല്‍ മാര്‍ഗം തേടി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് വിമാന ഇന്ധനത്തിന്റെ കരുതല്‍ ശേഖരം കുറയുന്നു. ഇനി രണ്ട് മാസത്തേക്കുള്ള ഇന്ധനം മാത്രമെ ഉള്ളുവെന്നാണ് വിവരം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധന ലഭ്യത കുറഞ്ഞതിനാല്‍ വിലയും കൂടുന്നുണ്ട്. ഇക്കാരണത്താല്‍ വരും ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ വ്യോമയാന മന്ത്രാലയം ബദല്‍ മാര്‍ഗം തേടുകയാണ്. 60 ദിവസത്തേക്കുള്ള ഇന്ധനമുണ്ടെന്ന് വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് മുതല്‍ ഇന്ധന വില കൂടുമെന്നതിനാല്‍ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വാറ്റ് കുറയ്ക്കാന്‍ വ്യോമയാന മന്ത്രാലയം സംസ്ഥാനങ്ങളുമായി ആശയ വിനിമയം തുടങ്ങി. ഇപ്പോള്‍ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത വാറ്റ് നിരക്കാണുള്ളത്.

യുപിയില്‍ വിമാന ഇന്ധനത്തിന് ഒരു ശതമാനമാണ് വാറ്റെങ്കില്‍ ഡല്‍ഹിയില്‍ 25 ശതമാനമാണ്. ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി ഇക്കാര്യം രാം മോഹന്‍ നായിഡു സംസാരിച്ചതായാണ് വിവരം. ഈ സാഹചര്യം ഡല്‍ഹി മുഖ്യമന്ത്രി മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

ലോകത്ത് ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിലൊന്നാണ് ഡല്‍ഹി. 7.9 കോടി പേരാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡല്‍ഹി വഴി യാത്ര ചെയ്തത്. വാറ്റ് കുറയ്ക്കുന്നത് തങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്ന് വ്യോമയാന കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നികുതി ഭാരം കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടണമെന്ന് വിമാനക്കമ്പനികള്‍ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിരുന്നു. യുദ്ധം തുടങ്ങിയ ശേഷം ആഗോള തലത്തില്‍ വിമാന ഇന്ധന വില ഏകദേശം ഇരട്ടിയായിരുന്നു. ഫെബ്രുവരി 27 ന് പ്രതിവാര ശരാശരി വില ബാരലിന് 99.40 ഡോളര്‍ ആയിരുന്നെങ്കില്‍ മാര്‍ച്ച് 27 ന് 195.19 ഡോളറായി. ഇതോടെ ടിക്കറ്റ് നിരക്കിലും വലിയ വര്‍ധനയ്ക്കുള്ള സാഹചര്യം ഉടലെടുക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.