കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രകടന പത്രികകള്‍ പുറത്തിറക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് യുഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയത്.
യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍:
'കേരളം ജയിക്കും യുഡിഎഫ് നയിക്കും' എന്ന മുദ്രാവാക്യം മുന്നോട്ടു വയ്ക്കുന്ന പ്രകടന പത്രികയില്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം, ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ധിപ്പിക്കും, എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപവരെ സൗജന്യ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ രഹിത വായ്പ അഞ്ച് ലക്ഷം, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനായി ഷീ ഹോസ്പിറ്റല്‍, വൃദ്ധ വനിതകള്‍ക്ക് അംഗന്‍വാടിക്ക് സമാനമായ അമ്മവാടി പദ്ധതി, ആദിവാസി വിഭാഗത്തില്‍പ്പട്ടവരുടെ ആരോഗ്യത്തിനായി ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്ററുകള്‍, തീരദേശ മേഖലയില്‍ കോസ്റ്റല്‍ ഹെല്‍ത്ത് കെയര്‍ യൂണിറ്റുകള്‍, വിദേശ വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ വന്ന് പഠിക്കാന്‍ സൗകര്യം ഉണ്ടാക്കും തുടങ്ങിയ വാഗ്ദാനങ്ങളുണ്ട്.
കേരളത്തിലെ ക്യാംപസുകളില്‍ റാഗിങ് തടയാനും വിദ്യാര്‍ഥികളുടെ ക്ഷേമം ഉറപ്പുവരുത്താനും സിദ്ധാര്‍ഥന്‍ ആന്റി റാഗിങ് ആന്റ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ആക്ട് നടപ്പാക്കും. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം അമിത രാഷ്ട്രീയത്തില്‍ മോചിപ്പിക്കാന്‍ അക്കാദമിക് സിന്‍ഡിക്കേറ്റ് ഉണ്ടാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
മിഷന്‍ സമുദ്ര, വ്യോമയാന വികസനം, എംഎസ്എംഇ സംരംഭങ്ങള്‍, ജോബ് വാച്ച് ടവര്‍, വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയവയും യുഡിഎഫിന്റെ സ്വപ്ന പദ്ധതികളില്‍പ്പെടുന്നു. അര്‍ഹരായ കുട്ടികള്‍ക്ക് ഇന്ത്യയിലും വിദേശത്തും പഠിക്കുന്നതിനായി കെ.ആര്‍. നാരായണന്‍ സ്‌കോളര്‍ഷിപ്, ലോണ്‍ സ്‌കോളര്‍ഷിപ് എന്നിവ ലഭ്യമാക്കും.

അങ്കണവാടികളിലെ കുട്ടികള്‍ക്ക് ത്രൈമാസ മെഡിക്കല്‍ ചെക്കപ്പ് നടപ്പാക്കും. ആശാ വര്‍ക്കര്‍മാരുടെ ദിവസ വേതനം കുറഞ്ഞത് 700 രൂപയാക്കും. സംസ്ഥാനത്ത് ബിപിഎല്‍ കുടുംബങ്ങളിലെ രോഗികള്‍ക്കുള്ള ഡയാലിസിസ് സൗജന്യമാക്കും. ഡയാലിസിസ് രോഗികള്‍ക്കുള്ള തുടര്‍ ചികിത്സ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും.
പാചക തൊഴിലാളികള്‍ക്ക് ഓണറേറിയം കൂട്ടും. യുവാക്കള്‍ക്ക് കുടുംബശ്രീ പോലെ യുവശ്രീ. കമ്യൂണിറ്റി കിച്ചന്‍ വിപുലീകരിക്കും. ഓണ്‍ലൈന്‍ ടാക്‌സി സംവിധാനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാര നടപടി സ്വീകരിക്കും. ഓണ്‍ലൈന്‍ ടാക്‌സി കസ്റ്റമര്‍ കെയര്‍ 24/7 ആക്കാന്‍ നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ നിലത്തു കിടക്കേണ്ട അവസ്ഥയുണ്ടാകില്ല. ഇതിനായി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് ബെഡ് അവരുടെ അവകാശമാക്കും.
കേരളത്തില്‍ മൊബൈല്‍ കീമോതെറപ്പി യൂണിറ്റുകള്‍ സ്ഥാപിക്കും. നിര്‍ധനരായ കുടുംബത്തിലെ സ്ത്രീകള്‍ക്ക് മാമോഗ്രാം സൗജന്യമാക്കും. എല്ലാ പഞ്ചായത്തിലും അടിയന്തര ചികിത്സാ സൗകര്യമുള്ള ആംബുലന്‍സ് എത്തുന്ന രീതിയില്‍ ആംബുലന്‍സ് വിന്യാസം നടത്തും.
പബ്ലിക് ഹെല്‍ത്ത് കേഡര്‍ സമ്പൂര്‍ണമായി നടപ്പാക്കും. പോണ്ടിച്ചേരിയിലെ ജിപ്മര്‍ മാതൃകയില്‍ നോ ബില്‍ (ബില്‍ രഹിത) ആശുപത്രികള്‍ സ്ഥാപിക്കും. കേരളത്തെ ഒരു ലോകോത്തര ഹെല്‍ത്ത് ഡെസ്റ്റിനേഷന്‍ ആക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിമെന്നും പ്രകടന പത്രികയില്‍ പറയുന്നു
എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍:
ദാരിദ്ര്യ നിര്‍മാര്‍ജനവും സാമൂഹ്യ ക്ഷേമവും
കേവല ദാരിദ്ര്യം ഇല്ലാതാക്കും
ഏറ്റവും ദരിദ്രരായ അഞ്ച് ലക്ഷം കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റും
എല്ലാ ക്ഷേമ പെന്‍ഷനുകളും 3000 രൂപയായി വര്‍ധിപ്പിക്കും
കിടപ്പു രോഗികള്‍ക്ക് സമ്പൂര്‍ണ പരിരക്ഷ ഉറപ്പാക്കുകയും മുതിര്‍ന്ന പൗരന്മാര്‍ക്കായി ആഗോള മാതൃകയിലുള്ള പരിരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യും
'പഠിച്ചാല്‍ ജോലി ഉറപ്പ്': പഠനം പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ക്യാമ്പസ് പ്ലേസ്മെന്റ് ഉറപ്പാക്കും
യുവജനങ്ങളുടെ പുതിയ സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ നല്‍കും
ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ (ജിസിസി) 40 ല്‍ നിന്ന് 120 ആയി വര്‍ധിപ്പിച്ച് രണ്ട് ലക്ഷം പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ നല്‍കും
തൊഴില്‍ പ്രായത്തിലുള്ള സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്ക് ജോലി ഉറപ്പാക്കും
കുടുംബശ്രീ വഴി 20 ലക്ഷം വീട്ടമ്മമാര്‍ക്ക് പ്രാദേശിക തൊഴിലുകള്‍ ലഭ്യമാക്കും
നെല്ലിന്റെ തറവില 35 രൂപയായും നാളികേരത്തിന് 45 രൂപയായും, റബ്ബറിന് 300 രൂപയായും വര്‍ധിപ്പിക്കും
പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയും 'കേരള ചിക്കന്‍' പദ്ധതി 5000 യൂണിറ്റുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും
മത്സ്യത്തൊഴിലാളികള്‍ക്ക് കടലിന്മേല്‍ ഉടമസ്ഥാവകാശവും ആദ്യ വില്‍പനാവകാശവും നല്‍കുന്നതിനുള്ള സമുദ്ര പരിഷ്‌കാരം നടപ്പിലാക്കും

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം പശ്ചാത്തല മേഖലയില്‍ ഉണ്ടാകും
ലൈഫ് മിഷന്‍ 2.0 വഴി അവശേഷിക്കുന്ന കുടുംബങ്ങള്‍ക്കും വീട് നല്‍കി കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനമാക്കും
തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയില്‍ നടപ്പിലാക്കും
കൊച്ചി വാട്ടര്‍ മെട്രോ ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂര്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും
എല്ലാ റെയില്‍വേ ലെവല്‍ ക്രോസുകളും ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും
കാരുണ്യ പദ്ധതിയുടെ ചികിത്സാ പരിധി അഞ്ച് ലക്ഷം എന്നതില്‍ നിന്ന് മാറ്റി പരിധിയില്ലാതെ ആനുകൂല്യം ലഭ്യമാക്കും
തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നാല് ഉന്നത വിദ്യാഭ്യാസ നഗരങ്ങള്‍ സ്ഥാപിക്കും
അങ്കണവാടികള്‍ സ്മാര്‍ട്ടാക്കുകയും സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മിനിമം ശേഷി ഉറപ്പുവരുത്തുകയും ചെയ്യും
എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ജനകീയ കാമ്പയിന്‍
കക്കൂസ് മാലിന്യ സംസ്‌കരണത്തിനായി എഫ്.എസ്.ടി.പികള്‍ സ്ഥാപിക്കും
ശബരിമല മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാക്കുകയും 'ക്ലീന്‍ പമ്പ' പദ്ധതി നടപ്പിലാക്കുകയും ചെയ്യും
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.